തിരുവനന്തപുരം: കോൺഗ്രസിൽ നിന്നും മനസ് മടുത്താണ് ബിജെപിയിലേക്ക് എത്തിയതെന്ന് സ്പോർട്സ് കൗൺസിൽ മുൻ അദ്ധ്യക്ഷയും കോൺഗ്രസ് നേതാവുമായ പദ്മിനി തോമസ്. കോൺഗ്രസിൽ നിന്നും ഒരുപാട് മാനസിക വിഷമങ്ങൾ നേരിട്ടിട്ടുണ്ടെന്നും പദ്മിനി തോമസ് പറഞ്ഞു. ബിജെപിയിലേക്ക് ചേർന്ന ശേഷം മാദ്ധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു പദ്മിനി.
എത്രയോ സ്ത്രീകൾ കോൺഗ്രസിൽ നിന്നും ഇറങ്ങി പോകുന്നു. കെപിസിസിയ്ക്ക് മുന്നിൽ നിന്നും മുതിർന്ന വനിതാ നേതാവ് തല മൊട്ടയടിച്ച് പ്രതിഷേധിച്ചു. എത്രയോ വനിതാ നേതാക്കൾ ഈ പ്രസ്ഥാനം ഉപേക്ഷിച്ച് പോയി. ദേശീയ കായിക വേദിയെ നശിപ്പിക്കാൻ ഒരാൾ ശ്രമിച്ചു. പല കെപിസിസി അദ്ധ്യക്ഷന്മാർക്കും പരാതി നൽകിയിരുന്നു. എന്നാൽ ആരും അത് പരിഗണിച്ചില്ല. ഒരു മറുപടിയും ലഭിച്ചില്ല.
കോൺഗ്രസിന് ഇപ്പോൾ അഞ്ച് ഗ്രൂപ്പാണ്. വളരെ പരിതാപകരമായ അവസ്ഥയിലൂടെയാണ് കോൺഗ്രസ് കടന്നു പോകുന്നത്. കോൺഗ്രസുകാർക്ക് ഗ്രൂപ്പ് മാത്രമാണ് പ്രധാനം. സ്ത്രീകൾക്ക് കോൺഗ്രസിൽ നിന്ന് ഒരു പരിഗണനയും ലഭിക്കുന്നില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന പ്രവർത്തനങ്ങളാണ് ബിജെപിയിലേക്ക് ആകർഷിച്ചത്. – പദ്മിനി തോമസ് പറഞ്ഞു.