ഒരു ഇടവേളയ്ക്ക് ശേഷം നടി പൂർണിമ ഇന്ദ്രജിത്ത് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് ‘ഒരു കട്ടിൽ ഒരു മുറി’. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ കൺസപ്റ്റ് പോസ്റ്റർ പുറത്തുവന്നത്. സമൂഹമാദ്ധ്യമങ്ങളിലടക്കം പേസ്റ്റർ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ രസകരമായ ടീസറും പുറത്തുവന്നിരിക്കുകയാണ്. ഏറെ കൗതുകമുണർത്തുന്ന ടീസറാണ് പുറത്തുവന്നിരിക്കുന്നത്. വളരെ വ്യത്യസ്തമായ വേഷത്തിലാണ് ചിത്രത്തിൽ പൂർണിമ എത്തുന്നത്.
പ്രിയംവദ എന്ന യുവ നടിയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. പുറത്തുവന്നിരിക്കുന്ന ടീസറിൽ ഇരുവരും ചേർന്ന് കിടക്ക വിരിക്കുന്ന രംഗമാണുള്ളത്. ഇതിനിടെ ഇരുവരും തമ്മിലുള്ള രസകരമായ സംഭാഷണങ്ങളുമുണ്ട്. തമിഴ് സ്ത്രീയുടെ വേഷത്തിലാണ് ചിത്രത്തിൽ പൂർണിമ എത്തുന്നത്. ടൈറ്റിൽ സൂചിപ്പിക്കുന്നത് പോലെ ഒരു മുറിയേയും കട്ടിലിനേയും സംബന്ധിച്ച് നടക്കുന്ന കാര്യങ്ങളാണ് ടീസറിലും ഉൾപ്പെടുത്തിയിരിക്കുന്നത്.
‘കിസ്മത്ത്’, ‘തൊട്ടപ്പൻ’ എന്നീ സിനിമകൾക്ക് ശേഷം ഷാനവാസ് കെ ബാവക്കുട്ടി ഒരുക്കുന്ന സിനിമയാണ് ‘ഒരു കട്ടിൽ ഒരു മുറി’. രഘുനാഥ് പലേരിയാണ് തിരക്കഥ ഒരുക്കുന്നത്. ഹക്കിം ഷാ, ഷമ്മി തിലകൻ, വിജയരാഘവൻ , ജാഫർ ഇടുക്കി, രഘുനാഥ് പലേരി , ജനാർദ്ദനൻ, ഗണപതി, സ്വതിദാസ് പ്രഭു, മനോഹരി ജോയ്, തുഷാര പിള്ള, വിജയകുമാർ പ്രഭാകരൻ, ഹരിശങ്കർ, രാജീവ് വി തോമസ്, ജിബിൻ ഗോപിനാഥ്, ഉണ്ണിരാജ, ദേവരാജൻ കോഴിക്കോട് തുടങ്ങിയവർ ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളായെത്തുന്നുണ്ട്.