സുഗന്ധത്തിനും സ്വാദിനുമായി ഭക്ഷണത്തിലും ആയൂർവേദ ഔഷധങ്ങളിലുമൊക്കെ ഉപയോഗിക്കുന്ന ഒന്നാണ് കർപ്പൂര തുളസി. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ സഹായിക്കുന്നതാണ് കർപ്പൂര തുളസി. കാലങ്ങളായി മുടി സംരക്ഷണത്തിൽ കർപ്പൂര തുളസി വലിയ പങ്ക് വഹിക്കുന്നു.
കർപ്പൂര തുളസി ഔഷധ ചെടിയുടെ ഇലകളിൽ നിന്ന് വേർത്തിരിച്ചെടുക്കുന്ന സത്തകളാണ് പിന്നീട് അവശ്യ എണ്ണകളുടെ രൂപത്തിലാക്കുന്നത്. വീര്യം കുറഞ്ഞത് മുതൽ കൂടിയത് വരെ ലഭ്യമാണ്. മെന്തോൾ എന്ന ഘടകമാണ് ഇതിന് മണം, രുചി,രസം എന്നിവ നൽകുന്നത്. മുടി വളർച്ചയ്‌ക്കും ചർമ്മ സംരക്ഷണത്തിനും ഈ എണ്ണ ഗുണം ചെയ്യും. മുടി വളർച്ചയ്‌ക്കും മുടിയുടെ ആരോഗ്യത്തിനുമായി കർപ്പൂര തുളസി എണ്ണ ഉപയോഗിക്കുന്നതിന്റെ ഗുണങ്ങളറിയാം.
- തലയോട്ടിയിലെ രക്തയോട്ടം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. അതുവഴി മുടിവളർച്ച വേഗത്തിലാക്കുന്നു.
- പേൻ ശല്യത്തെ തുരത്താനും കർപ്പൂര തുളസി സഹായിക്കും. പേൻ ശല്യമുള്ളവർ രാത്രി കിടക്കാൻ പോകുന്നതിന് മുൻപ് കർപ്പൂര തുളസി എണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുക. പിറ്റേന്ന് രാവിലെ മുടി കഴുകി കളയുക.
- താരനെ ചെറുക്കുന്ന ആന്റി ഫംഗൽ, ആൻ്റി ബാക്ടീരിയൽ ഗുണങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്.
- വരണ്ട ചർമ്മം, ഫംഗസ് അണുബാധ തുടങ്ങിയ പ്രശ്നങ്ങൾക്കും കർപ്പൂര എണ്ണയിൽ പരിഹാരമുണ്ട്. പതിവായി ഈ എണ്ണ ഉപയോഗിക്കുന്നത് മുടിക്ക് ഈർപ്പവും തിളക്കവും നൽകും.
നേരിട്ട് ഉപയോഗിക്കുന്നതിനേക്കാൾ വെളിച്ചെണ്ണ പോലുള്ള മറ്റ് എണ്ണകൾക്കൊപ്പമാകണം കർപ്പൂര തുളസി എണ്ണ ഉപയോഗിക്കേണ്ടത്. അര മണിക്കൂറിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്.















