എറണാകുളം: ആലുവയിൽ നിന്നും യുവാക്കളെ തട്ടികൊണ്ടുപോയ കേസിൽ ഒരാൾ കൂടി പിടിയിൽ. തിരുവനന്തപുരത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. മുമ്പ് കൊലപാതക കേസിലടക്കം പ്രതിയായ വ്യക്തിയാണ് പിടിയിലായതെന്നും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടുമെന്നും പോലീസ് അറിയിച്ചു. പ്രതിയുടെ പേര് വിവരങ്ങളൊന്നും പോലീസ് പുറത്ത് വിട്ടിട്ടില്ല.
കഴിഞ്ഞ ദിവസം കേസിൽ കൊല്ലം സ്വദേശികളായ മുഹമ്മദ് റിയാസ്, അൻവർ എന്നിവര്‍ അറസ്റ്റിലായിരുന്നു. യുവാക്കളെ തട്ടിക്കൊണ്ടുപോകാൻ വാഹനം സംഘടിപ്പിച്ചത് ഇരുവരുടെയും നേതൃത്വത്തിലാണെന്നാണ് പോലീസ് പറഞ്ഞത്. ശനിയാഴ്ചയാണ് ആലുവ പോലീസ് സ്റ്റേഷൻ പരിധിയിൽ വച്ച് മൂന്നു പേരെ തട്ടികൊണ്ട് പോയത്.
നിയമ വിരുദ്ധ സാമ്പത്തിക ഇടപാടുകളിലെ തര്‍ക്കമാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്നാണ് സൂചന. തട്ടിക്കൊണ്ടു പോകുന്നതിനിടെ പ്രതികള്‍ ഓൺലൈൻ പണമിടപാട് നടത്തിയെന്നും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.