ടെൽ അവീവ്: ഹമാസിനെ പൂർണമായി തകർക്കാനുള്ള ലക്ഷ്യത്തിൽ ഉറച്ച് തന്നെ മുന്നോട്ട് പോകുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. റഫയിൽ സൈനിക നടപടിയുമായി മുന്നോട്ട് പോകരുതെന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ നിർദ്ദേശത്തിനാണ് നെതന്യാഹുവിന്റെ മറുപടി. അമേരിക്കയുടെ നിർദ്ദേശത്തോട് തങ്ങൾക്ക് പൂർണമായും അഭിപ്രായ വ്യത്യാസമുണ്ടെന്നും നെതന്യാഹു വ്യക്തമാക്കി.
” റഫയിലേക്ക് ഇസ്രായേൽ സൈന്യം കടക്കേണ്ടത് അനിവാര്യമായി മാറിയിരിക്കുകയാണ്. ഹമാസിനെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തിൽ ഉറച്ച് തന്നെയാണ് മുന്നോട്ട് പോകുന്നത്. ഹമാസിന്റെ അവശേഷിക്കുന്ന ബറ്റാലിയനുകളെ ഇല്ലാതാക്കാൻ ഇത് അല്ലാതെ മറ്റ് മാർഗങ്ങളൊന്നുമില്ല. അതുകൊണ്ട് തന്നെ ആര് എതിർത്താലും റഫയിലെ സൈനിക ഓപ്പറേഷനുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനം.
ഹമാസിനെ തകർക്കാൻ നിലവിൽ ഈ ഗ്രൗണ്ട് ഓപ്പറേഷൻ അല്ലാതെ മറ്റ് മാർഗങ്ങളില്ല. റഫയിലെ ഹമാസ് ബറ്റാലിയനുകളെ ഇല്ലാതാൻ സൈനിക നടപടിയുമായി മുന്നോട്ട് പോകുമെന്ന് ബൈഡനെ അറിയിച്ചിട്ടുണ്ട്. ഹമാസിന്റെ 80 ശതമാനത്തേയും ഇല്ലാതാക്കിയെന്ന് കരുതി ബാക്കിയുള്ള 20 ശതമാനം സമാധാനത്തിന്റെ മാർഗത്തിലേക്ക് തിരിയുമെന്ന് നമുക്ക് പറയാനാകില്ല. ശേഷിക്കുന്ന 20 ശതമാനവും ഹമാസ് തന്നെയാണ്. അവരുടെ ആശയങ്ങൾ വച്ച് ഇസ്രായേലിനെ വീണ്ടും ആക്രമിക്കാൻ മാത്രമേ ശ്രമിക്കൂ. ഇത്തരത്തിൽ രാജ്യത്തിന് ഭീഷണിയായ ഘടകങ്ങളെ ഇല്ലാതാക്കുക തന്നെ വേണമെന്നും” നെതന്യാഹു അറിയിച്ചു.
അതേസമയം ഹമാസിനെ ഇല്ലാതാക്കുന്നതിന് ബദൽ നീക്കങ്ങൾ ചർച്ച ചെയ്യുന്നതിനും, അതിർത്തി മേഖലകൾ സുരക്ഷിതമാക്കുന്നതിനുമായി ഇസ്രായേലിന്റേയും അമേരിക്കയുടേയും ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഉടൻ ചേരുന്നതിന് ബൈഡനും നെതന്യാഹുവും സമ്മതിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. സൈനിക, രഹസ്യാന്വേഷണ വിഭാഗങ്ങളിലേത് ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരാകും കൂടിക്കാഴ്‌ച്ചയിൽ പങ്കെടുക്കുന്നത്.