ന്യൂഡൽഹി: തലയോട്ടിയിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് ഡൽഹിയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇഷ ഫൗണ്ടേഷൻ സ്ഥാപകനും ആത്മീയ നേതാവുമായ സദ്ഗുരുവിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഇഷ ഫൗണ്ടേഷൻ അറിയിച്ചു. സമൂഹമാദ്ധ്യമ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് വിവരം അറിയിച്ചിരിക്കുന്നത്. എല്ലാവരുടേയും സ്നേഹത്തിനും പിന്തുണയ്ക്കും നന്ദിയുണ്ടെന്ന് ഇഷ ഫൗണ്ടേഷൻ എക്സിൽ കുറിച്ചു.
‘അടിയന്തര മസ്തിഷ്ക ശസ്ത്രക്രിയയ്ക്ക് വിധേയനായ സദ്ഗുരുവിന്റെ ആരോഗ്യാവസ്ഥ സുഖപ്രദമായി വരികയാണ്. നിങ്ങളുടെ സ്നേഹത്തിനും പ്രാർത്ഥനയ്ക്കും ഞങ്ങൾ എന്നും കടപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ മികച്ച പുരോഗതിയുണ്ട്’- ഇഷ ഫൗണ്ടേഷൻ എക്സിൽ വ്യക്തമാക്കി. സദ്ഗുരുവിന്റെ അസുഖത്തെ കുറിച്ചുള്ള വിവമറിഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹം ആരോഗ്യവാനായിരിക്കട്ടെയെന്നും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചിരുന്നു.
കഴിഞ്ഞ 17-നാണ് സദ്ഗുരുവിനെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അസഹനീയമായ തലവേദനയെ തുടർന്ന് എംആർഐ സ്കാൻ ചെയ്തപ്പോൾ തലച്ചോറിൽ രക്തസ്രാവം സംഭവിച്ചിരുന്നതായി ഡോക്ടർമാർ കണ്ടെത്തുകയായിരുന്നു. തുടർന്ന് അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. നിലവിൽ സദ്ഗുരു സുഖംപ്രാപിച്ച് വരികയാണെന്ന് ആശുപത്രി അധികൃതരും അറിയിച്ചു.