ന്യൂഡൽഹി: ലോകത്തിലെ ആദ്യ CNG മോട്ടോർസൈക്കിൾ അവതരിപ്പിക്കാനൊരുങ്ങി ബജാജ്. ഈ വർഷം ജൂണിൽ തന്നെ വാഹനം പുറത്തിറക്കുമെന്ന് ബജാജ് ഓട്ടോ മാനേജിംഗ് ഡയറക്ടർ രാജീവ് ബജാജ് അറിയിച്ചു. അടുത്ത അഞ്ച് വർഷത്തെ കമ്പനിയുടെ CSR 5,000 കോടി രൂപയാണെന്നും രാജീവ് ബജാജ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ഇലക്ട്രിക് ബൈക്കുകളും കാറുകളും നിരത്തുവാഴുന്ന ഇക്കാലത്ത് CNG ബൈക്കിനെ ഏറെ പ്രതീക്ഷയോടെയാണ് വാഹനപ്രേമികൾ കാത്തിരിക്കുന്നത്. Bruzer എന്ന പേരിലായിരിക്കും CNG ബൈക്ക് പുറത്തിറങ്ങുകയെന്നാണ് റിപ്പോർട്ട്. കുറഞ്ഞ വിലയിൽ മാക്സിമം മൈലേജ് ലഭിക്കുമെന്നതാണ് സിഎൻജി ബൈക്കിന്റെ സവിശേഷതയായി കണക്കാക്കുന്നത്. 2025ൽ പുറത്തിറക്കുമെന്നായിരുന്നു കമ്പനിയുടെ ആദ്യ പ്രഖ്യാപനം. പിന്നീടാണ് സിഎൻജി ബൈക്ക് പദ്ധതി കമ്പനി വേഗത്തിലാക്കിയത്.
സിഎൻജി ഓട്ടോറിക്ഷകൾ അവതരിപ്പിച്ച് പേരെടുത്തിട്ടുണ്ടെങ്കിലും അതേ സാങ്കേതികവിദ്യ മോട്ടോർസൈക്കിളിൽ പ്രയോഗിക്കുന്നത് ബജാജിനെ സംബന്ധിച്ചിടത്തോളം ശ്രമകരമായ ദൗത്യമാണ്. മറ്റ് മോട്ടോർസൈക്കിളുമായി താരതമ്യം ചെയ്യുമ്പോൾ 65 ശതമാനത്തോളം ചെലവ് കുറവായിരിക്കും സിഎൻജി ബൈക്കിന്. കൂടാതെ, കാർബൺ ബഹിർഗമനം പകുതിയായി കുറയ്ക്കാനും കമ്പനി ലക്ഷ്യമിടുന്നു.
പെട്രോൾ ഉപയോഗിക്കാനുള്ള ടെക്നോളജി കൂടി സിഎൻജി ബൈക്കിൽ ഉൾപ്പെടുത്തിയേക്കും. ഉത്പാദന ചെലവ് കൂടുതലായതിനാലും നിരവധി നൂതന പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിനാലും ബൈക്കിന്റെ വില കൂടുതലായിരിക്കുമെന്നാണ് സൂചന.