പ്രശസ്തമായ തിരുവണ്ണാമല ക്ഷേത്രത്തിൽ ദർശനം നടത്തി മോഹൻലാൽ. എഴുത്തുകാരനായ ആർ രാമാനന്ദിനോടൊപ്പമാണ് മോഹൻലാൽ തിരുവണ്ണാമല ക്ഷേത്രത്തിലെത്തിയത്. ഇതിന്റെ ചിത്രങ്ങൾ രാമാനന്ദ് ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചു. ശ്രീ നാരായണ ഗുരുവിന്റെ സദാശിവദർശനത്തിലെ ശ്ലോകത്തോടൊപ്പമാണ് ആർ രാമാനന്ദ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

ക്ഷേത്രത്തിന്റെ മലമുകളും ക്ഷേത്രത്തിലേക്ക് പോകുന്ന പാതയുമാണ് ചിത്രങ്ങളുടെ പശ്ചാത്തലം. തിരുവണ്ണാമലയുടെ മുകളിലെ ചിത്രത്തിൽ പശ്ചാത്തലമായി അരുണാചലേശ്വര ക്ഷേത്രത്തിന്റെ ഗോപുരങ്ങൾ ദൂരക്കാഴ്ചയായി കാണാം.

“അടിക്കു പന്നി പോയി നിന്മുടിക്കൊരന്നവുംപറ-
ന്നടുത്തു കണ്ടതില്ല നിന്നെയിന്നുമഗ്നിശൈലമേ,
എടത്തു നീ വിഴുങ്ങിയെന്നെയിന്ദ്രിയങ്ങളോടുടന്‍
നടിച്ചിടും നമശ്ശിവായ നായകാ, നമോ നമഃ”
എന്ന ശ്ലോകമാണ് രാമാനന്ദ് ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ഇത് ശ്രീനാരായണ ഗുരു എഴുതിയ സദാശിവദർശനം എന്ന കീർത്തനത്തിലെ അവസാനത്തെ വരികളാണ്.

തമിഴ്‌നാട്ടിലെ ശൈവസങ്കല്പങ്ങളിൽ ഉന്നത സ്ഥാനമാണ് തിരുവണ്ണാമല അരുണാചലേശ്വര ക്ഷേത്രത്തിന് ഉള്ളത്. പഞ്ചഭൂത ലിംഗങ്ങളിൽ അഗ്നി ലിംഗമാണ് അരുണാചലേശ്വരൻ. കാഞ്ചീപുരം ഏകാംബരേശ്വര ക്ഷേത്രത്തിൽ ഭൂമിലിംഗവും, തിരുവാണൈക്കാവൽ ജംബുകേശ്വരർ ക്ഷേത്രത്തിൽ ജലലിംഗവും, ആന്ധ്രാപ്രദേശിലെ കാളഹസ്തിയിൽ വായു ലിംഗവും, ചിദംബരം തില്ലൈ നടരാജർ ക്ഷേത്രത്തിൽ ആകാശ ലിംഗവും തിരുവണ്ണാമലൈ അരുണാചലേശ്വര ക്ഷേത്രത്തിൽ അഗ്നിലിംഗവും എന്നാണ് പഞ്ച ഭൂത സ്ഥലത്തെക്കുറിച്ചുള്ള സങ്കൽപ്പങ്ങൾ.

മോഹൻലാലും ആർ രാമാനന്ദും ഇതിന് മുമ്പും ഒരുമിച്ച് ക്ഷേത്രങ്ങളിൽ ദർശനം നടത്തിയിട്ടുണ്ട്. സിനിമകളുടെ തിരക്കുകൾക്കിടയിലും യാത്ര ചെയ്യുന്നയാളാണ് മോഹൻലാൽ. അടുത്തിടെ ആന്ധ്രാപ്രദേശിലെ കർണൂലിൽ സ്വാമി അവധൂത നാദാനന്ദയുടെ ആശ്രമത്തിൽ ഇരുവരും സന്ദർശനം നടത്തിയിരുന്നു. ഇവരോടൊപ്പം പ്രദീപ് നമ്പ്യാർ, സജീവ് സോമൻ എന്നിവരുമുണ്ടായിരുന്നു. ഇതിന്റെ ചിത്രങ്ങൾ രാമാനന്ദ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവക്കുകയും ചെയ്തു. എമ്പുരാന്റെ ചിത്രീകരണത്തിന്റെ ഇടവേളയിലായിരുന്നു താരത്തിന്റെ അന്നത്തെ സന്ദർശനം.
















