അഭീഷ്ടകാര്യ സിദ്ധിക്കായി പുരുഷന്മാർ സ്ത്രീയായി വേഷം കെട്ടി ചമയവിളക്ക് എടുക്കുന്ന ഉത്സവരാത്രി.. ഏറെ പ്രസിദ്ധമാണ് കൊറ്റംകുളങ്ങര ദേവീക്ഷേത്രത്തിലെ ഈ അത്യപൂർവ്വ ഉത്സവം. കൊല്ലം ചവറയിൽ സ്ഥിതിചെയ്യുന്ന ക്ഷേത്ര സന്നിധിയിലേക്ക് ചമയവിളക്കിനായി പ്രതിവർഷം നിരവധി ഭക്തർ എത്താറുണ്ട്. ഇത്തവണ പതിവ് തെറ്റിക്കാതെ എത്തിയിരിക്കുകയാണ് അമ്പിളിദേവിയും കുടുംബവും.
മൂത്തമകനും രണ്ടാമത്തെ മകനും ഒരു വയസായപ്പോൾ മുതൽ ചമയവിളക്ക് എടുക്കുന്നുണ്ടെന്ന് താരം പറയുന്നു. കൊറോണ മഹാമാരിയുടെ കാലത്ത് മാത്രമാണ് മക്കൾക്ക് ചമയവിളക്ക് എടുക്കാൻ സാധിക്കാതെ പോയത്. ഇളയമകൻ ഇപ്പോൾ മൂന്നാം തവണയാണ് വിളക്കെടുക്കുന്നത്. എവിടെയാണെങ്കിലും എല്ലാ വർഷവും ക്ഷേത്രോത്സവത്തിൽ പങ്കെടുക്കാറുണ്ടെന്നും അമ്പിളിദേവി പറഞ്ഞു.
നിരവധി ടെലിവിഷൻ പരമ്പരകളിലൂടെയും സിനിമകളിലൂടെയും മലയാളികളുടെ മനംകവർന്ന നടിയാണ് അമ്പിളി ദേവി. മികച്ച നർത്തകിയായ താരം കലോത്സവ വേദികളിൽ നിന്നായിരുന്നു സിനിമയിലെത്തിയത്. നിലവിൽ സോഷ്യൽ മീഡിയയിൽ സജീവമായ നടി യൂട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കൊറ്റംകുളങ്ങര ക്ഷേത്രത്തിൽ നേരത്തെ മക്കൾ വിളക്കെടുത്തതിന്റെ വീഡിയോകളും താരം പങ്കുവച്ചിട്ടുണ്ട്.