ന്യൂഡൽഹി: നടിയും എൻഡിഎ സ്ഥാനാർത്ഥിയുമായ കങ്കണ റണാവത്തിനെതിരെ കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനേത് നടത്തിയ അശ്ലീല പരാമർശത്തിൽ ശക്തമായ പ്രതിഷേധവുമായി ബിജെപി. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ സുപ്രിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ പ്രതികരിച്ചു.
“തീർത്തും വെറുപ്പുളവാക്കുന്ന പ്രസ്താവനയാണ് സുപ്രിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. എങ്ങനെയാണ് ഇതുപോലെയുള്ള മാലിന്യങ്ങൾ കോൺഗ്രസിൽ തന്നെ വന്നുപെടുന്നത്. ഖാർഗെയ്ക്ക് എന്തെങ്കിലും അഭിപ്രായസ്വാതന്ത്ര്യമുണ്ടെങ്കിൽ സുപ്രിയയെ ചുമതലയിൽ നിന്ന് ഒഴിവാക്കാൻ തയ്യാറാകണമെന്ന് അമിത് മാളവ്യ എക്സിൽ കുറിച്ചു. നിന്ദ്യമായ പരാമർശമാണ് സുപ്രിയ നടത്തിയതെന്നും എത്രയും വേഗം പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നുമായിരുന്നു ബിജെപി വക്താവ് ഷെഹസാദ് പൂനവാല കോൺഗ്രസിനോട് ആവശ്യപ്പെട്ടത്.
നിലവിൽ കോൺഗ്രസിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ കൈകാര്യം ചെയ്യുന്ന ചുമതല സുപ്രിയക്കാണ്. കങ്കണക്കെതിരെ സുപ്രിയയുടെ ഇൻസ്റ്റഗ്രാമിൽ വന്ന പോസ്റ്റ് തന്റെ അറിവിൽ സംഭവിച്ചതല്ലെന്നും അക്കൗണ്ടിന്റെ ആക്സസ് കൈവശമുള്ള മറ്റാരോ ചെയ്തതാണെന്നുമാണ് വിവാദത്തിന് പിന്നാലെ കോൺഗ്രസ് നേതാവ് പ്രതികരിച്ചത്. പ്രതിഷേധം കനത്തതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്ത സുപ്രിയ മറ്റൊരു ന്യായീകരണം നടത്തി മുഖം രക്ഷിക്കാനുള്ള ശ്രമം നടത്തുകയാണെന്നാണ് വിമർശനം.