ചെന്നൈ: ജനങ്ങളെ സേവിക്കുന്ന ശക്തരായ ഭരണാധികാരിയാണ് തമിഴ്നാടിന് ആവശ്യമെന്നും ജനങ്ങളിൽ വിശ്വാസം അർപ്പിക്കുന്നുണ്ടെന്നും വിരുദുനഗറിലെ എൻഡിഎ സ്ഥാനാർത്ഥി രാധികാ ശരത്കുമാർ. പ്രചാരണത്തിരക്കിനിടെ വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിക്കുകയായിരുന്നു രാധിക. ഭർത്താവും നടനുമായ ശരത്കുമാറും പ്രചാരണ പരിപാടികളെ ശക്തമായി പിന്തുണച്ച് ഒപ്പമുണ്ട്.
” തമിഴ്‌നാട്ടിൽ ശക്തമായ ഒരു ഗവൺമെന്റ് വരണമെന്നാണ് ജനങ്ങളുടെ ആഗ്രഹം. അവരെ പ്രതിനിധീകരിച്ചുകൊണ്ട് അവർക്കായി സേവനങ്ങൾ കാഴ്ചവയ്‌ക്കുന്ന ശക്തനായ ഒരു ഭരണകർത്താവ് വരണമെന്ന് ആഗ്രഹിക്കുന്നു. അതിനായുള്ള പരിശ്രമത്തിലാണ് ബിജെപി.”- രാധികാ ശരത്കുമാർ പറഞ്ഞു.
കഴിഞ്ഞ 12നാണ് ശരത്കുമാറിന്റെ പാർട്ടിയായ അഖിലേന്ത്യ സമത്വമക്കൾ കക്ഷി ബിജെപിയിൽ ലയിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സേവനങ്ങളിൽ ആകൃഷ്ടനായാണ് ബിജെപിയിൽ ചേർന്നതെന്ന് ശരത്കുമാർ പറഞ്ഞിരുന്നു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി മൂന്നാം തവണയും ജയിക്കുമെന്നും അദ്ദേഹത്തിനു വേണ്ടി പ്രവർത്തിക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.















