ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സഹ കൺവീനർമാരായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കുമെതിരെ രജിസ്റ്റർ ചെയ്ത രണ്ടാമത്തെ കേസും ഡൽഹി പൊലീസ് ക്രൈംബ്രാഞ്ചിന് കൈമാറി. ഇതോടെ ഇരുവർക്കുമെതിരായ രണ്ട് കേസുകളുടെയും അന്വേഷണം പ്രത്യേക വിഭാഗത്തിന്റെ കീഴിലായി. ചൊവ്വാഴ്ചയാണ് രണ്ടാമത്തെ കേസ് കൈമാറിയത്. ജന്തർ മന്തറിൽ അതിക്രമിച്ച് കടന്ന ആദ്യ കേസ് തിങ്കളാഴ്ച ക്രൈംബ്രാഞ്ചിന് വിട്ടിരുന്നു.
ഒക്ടോബർ 13-നാണ് സി.ജെ.പി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക, അജിൻക്യ ഷിൻഡെ എന്നിവരടക്കം 14 പേർ ജന്തർ മന്തറിൽ അതിക്രമിച്ച് കയറിയത്. സ്ഥലത്തുണ്ടായിരുന്ന പൊലീസ് സംഘം ഇവരെ തടയാൻ ശ്രമിച്ചെങ്കിലും ഇവർ അതിക്രമിച്ച് കടക്കുകയായിരുന്നു. തുടർന്ന് 14 പേരെയും കസ്റ്റഡിയിലെടുക്കുകയും സംഭവവുമായി ബന്ധപ്പെട്ട് രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു.
സി.ജെ.പി സ്ഥാപകൻ അഭിജീത്ത് ദിപ്കെ പ്രസ്ഥാനത്തിന്റെ പ്രധാന തീരുമാനങ്ങൾ എടുത്തിരുന്നത് സൗരവ് ദാസും അശുതോഷ് റാങ്കയുമാണെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറിയതും ശ്രദ്ധ നേടുന്നത്. ഇരുവരുടെയും നിർദേശങ്ങൾ അനുസരിച്ചാണ് താൻ പ്രവർത്തിച്ചിരുന്നതെന്ന് ദിപ്കെ ചൊവ്വാഴ്ച എക്സിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ പറഞ്ഞിരുന്നു.















