എറണാകുളം: മുവാറ്റുപുഴ ജനറൽ ആശുപത്രിയിൽ യുവതിയെ കുത്തിക്കൊന്നു. മുവാറ്റുപുഴ നിരപ്പ് സ്വദേശി സിംന ഷക്കീറാണ് കൊല്ലപ്പെട്ടത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പിതാവിനെ കാണാനെത്തിയതായിരുന്നു സിംന. ഷാഹുൽ ഹമീദ് എന്നയാളാണ് യുവതിയെ ആശുപത്രിക്കുള്ളിൽ വച്ച് കൊലപ്പെടുത്തിയത്.
സ്ത്രീകളുടെയും കുട്ടികളുടെയും പുതിയ വാർഡിന് സമീപം ഇന്ന് ഉച്ചയ്‌ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. പിതാവിനെ കാണാൻ ആശുപത്രിയിലെത്തിയ യുവതിയെ ഷാഹുൽ ഹമീദ് കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
കഴുത്തിലും പുറകിലും കുത്തേറ്റ യുവതി അമിത രക്തസ്രാവം മൂലമാണ് മരിച്ചത്. മുവാറ്റപുഴ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാകും. കൊല്ലപ്പെട്ട യുവതിയും ഷാഹുലും സുഹൃത്തുകളായിരുന്നുവെന്നാണ് വിവരം.















