ഹൈദരാബാദ്: കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്ത് വിദ്യാർത്ഥിനി. ലൈംഗികാതിക്രമത്തിന് ഇരയായെന്ന വിവരം ബന്ധുക്കളെ അറിയിച്ച ശേഷമായിരുന്നു വിദ്യാർത്ഥിനിയുടെ ആത്മഹത്യ. ആന്ധ്രാപ്രദേശിലെ അനകാപ്പള്ളി സ്വദേശിനിയാണ് ജീവനൊടുക്കിയത്. വിശാഖപട്ടണത്തെ പോളിടെക്‌നിക് കോളേജിലെ വിദ്യാർത്ഥിനിയാണിവർ.
വ്യാഴാഴ്ച വൈകിട്ട് മുതൽ പെൺകുട്ടിയെ കാണാനില്ലായിരുന്നു. തുടർന്ന് കോളേജ് അധികൃതർ വീട്ടിലേക്ക് വിവരമറിയിച്ചു. വീട്ടുകാർ നിരവധി തവണ ഫോണിലേക്ക് വിളിച്ചെങ്കിലും മറുപടി ഉണ്ടായില്ല. തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകി. പിന്നാലെ വെള്ളിയാഴ്ച രാത്രി ഒരു മണിയോടെ പെൺകുട്ടിയുടെ ഫോണിൽ നിന്ന് വീട്ടുകാർക്ക് ഒരു സന്ദേശം ലഭിച്ചു.
പരിഭ്രമിക്കരുത്, ഞാൻ പറയുന്നത് നിങ്ങൾ കേൾക്കണം. എന്തുകൊണ്ടാണ് ഞാൻ പോകുന്നതെന്ന് എനിക്ക് നിങ്ങളോട് പറയാൻ കഴിയില്ല. പറഞ്ഞാലും ഒരുപക്ഷേ നിങ്ങൾക്ക് അത് മനസിലാകില്ല. എന്നെ മറന്നേക്കു, എന്നോട് ക്ഷമിക്കണം.. എനിക്ക് ജന്മം തന്നതിനും ഇത്രയും നന്നായി എന്നെ വളർത്തിയതിനും അമ്മയോടും അച്ഛനോടും ഞാൻ കടപ്പെട്ടിരിക്കുന്നു. എന്റെ ജീവിതം അന്ത്യത്തിലേക്ക് കടക്കുകയാണ്. പോയെ കഴിയൂവെന്നായിരുന്നു പെൺകുട്ടിയുടെ സന്ദേശം.
ഗർഭിണിയായ മൂത്ത സഹോദരിക്ക് തന്റെ ആശംസകളും പെൺകുട്ടി നേർന്നു. ഇളയ സഹോദരി തന്നെപ്പോലെ ആകരുത് എന്ന ഉപദേശവും സന്ദേശത്തിൽ ഉണ്ടായിരുന്നു. ഭാവിയെ കുറിച്ചുള്ള ചിന്തവേണം. നിനക്ക് ഇഷ്ടമുള്ളതൊക്കെ ചെയ്യണം. എന്നെപോലെ മറ്റുള്ളവരുടെ വാക്കിൽ വീഴാതിരിക്കുക. എപ്പോഴും സന്തോഷവതിയായി ജീവിക്കണം. നിനക്കൊരു നല്ല ജീവിതം ഉണ്ടാകട്ടെ എന്നും പെൺകുട്ടി സന്ദേശത്തിൽ പറയുന്നു.
കോളേജിൽ വച്ച് താൻ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടതിനാലാണ് ഇത്തരത്തിൽ ഒരു തീരുമാനമെടുത്തത്. എന്തുകൊണ്ട് ഫാക്കൽറ്റിയോട് പരാതിപ്പെട്ടില്ലെന്ന് നിങ്ങൾ ചോദിച്ചേക്കാം. അവർ എന്നെ സഹായിക്കില്ല, അവർ എന്റെ ഫോട്ടോ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നു. സഹപാഠികളായ മറ്റ് പെൺകുട്ടികളും ഇക്കൂട്ടത്തിൽ ഉണ്ട്. ആരോടും ഒന്നും പറയാൻ കഴിയുന്നില്ല, ഇവിടെനിന്ന് രക്ഷപ്പെടാൻ സാധിക്കുന്നില്ല. ഞാൻ പൊലീസിൽ പരാതി നൽകുകയോ അധികാരികളെ സമീപിക്കുകയോ ചെയ്താൽ, അവർ എന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു.
എന്റെ ഈ തീരുമാനം കുറച്ച് വർഷത്തേക്ക് നിങ്ങളെ വിഷമിപ്പിക്കും. ക്ഷമിക്കണം ദീദി, ഞാൻ നിങ്ങളെ ടെൻഷൻ ആക്കി എന്നറിയാം. പക്ഷേ എനിക്ക് പോയെ കഴിയു. എന്നായിരുന്നു പെൺകുട്ടിയുടെ സന്ദേശം. വീട്ടുകാർ ഉടൻ തന്നെ പെൺകുട്ടിയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മറുപടി ഉണ്ടായിരുന്നില്ല. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ കോളേജ് പരിസരത്ത് നിന്ന് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായരുന്നു.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കോളേജ് പ്രിൻസിപ്പലിനെയും മറ്റ് ഫാക്കൽറ്റി അംഗങ്ങളെയും പോലീസ് ചോദ്യം ചെയ്തു വരികയാണ്.