ഇസ്ലാമാബാദ്: തോഷഖാന അഴിമതി കേസിൽ ജയിലിൽ കഴിയുന്ന ഇമ്രാൻഖാന്റയും ഭാര്യയുടെയും ശിക്ഷ സസ്പെന്റ് ചെയ്ത് പാക് ഹൈക്കോടതി. 14 വർഷത്തെ ജയിൽ ശിക്ഷയാണ് താത്കാലിമായി നിർത്തിവെച്ചത്.
പുതിയ കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഇമ്രാൻഖാനെ മോചിപ്പിക്കാൻ തെഹ്രീകെ ഇൻസാഫ് (പിടിഐ) ശ്രമം ആരംഭിച്ചു. പൊതുതെരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുമ്പ് ഇസ്ലാമബാദ് കോടതിയാണ് അഴിമതി കേസിൽ ഇരുവർക്കും ശിക്ഷ വിധിച്ചത്. ഇത് കൂടാതെ മൂന്ന് വ്യത്യസ്ത കേസുകളിലായി 31 വർഷത്തെ തടവിനും ശിക്ഷിക്കപ്പെട്ടു.
2022-ലാണ് അഴിമതി ആരോപണത്തെ തുടർന്ന് ഇമ്രാൻ ഖാനെ ഭരണത്തിൽ നിന്നും പുറത്താക്കുന്നത്. പ്രധാനമന്ത്രിയായിരുന്ന കാലത്ത് മറ്റ് രാജ്യങ്ങളിൽ നിന്നും ലഭിച്ച സമ്മാനങ്ങൾ നിയമവിരുദ്ധമായി കൂടിയ വിലയ്ക്ക് വിറ്റ് അഴിമതി നടത്തിയെന്നതാണ് ഇമ്രാൻഖാനെതിരെയുള്ള കേസ്. സമ്മാനമായി ലഭിക്കുന്ന വില കൂടിയ വസ്തുക്കൾ സ്റ്റേറ്റ് ഗിഫ്റ്റ് ഡെപ്പോസിറ്ററിയിൽ (തോഷഖാന) സമർപ്പിക്കണമെന്നാണ് പാക് ചട്ടം. 140 മില്യണിലധികം രൂപ വിലമതിക്കുന്ന സമ്മാനങ്ങൾ ഇരുവരും ചേർന്ന് വിറ്റ് കാശാക്കിയത്.
രാജ്യദ്രോഹം, നിയമവിരുദ്ധ വിവാഹം എന്നിവയുൾപ്പെടെ മറ്റ് രണ്ട് കേസുകളിൽ ശിക്ഷിക്കപ്പെട്ടതിനാൽ ഇമ്രാഖാന് ജയിൽ തന്നെ തുടരേണ്ടി വരുമെന്നാണ് സൂചന. കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ ജയിലിൽ കഴിയുകയാണ് മുൻ പാക് പ്രധാനമന്ത്രി.