ഹൈദരാബാദ്: ഭൂമി കയ്യേറ്റ കേസുമായി ബന്ധപ്പെട്ട് തെലങ്കാന മുൻ മുഖ്യമന്ത്രി കെസിആറിന്റെ സഹോദര പുത്രൻ കണ്ണ റാവു അറസ്റ്റിൽ. ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) അദ്ധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായി കെ ചന്ദ്രശേഖർ റാവുവിന്റെ അനന്തരവനാണ് കൽവകുന്ത്ല കണ്ണ റാവു. ഭൂമി കയ്യേറ്റ കേസുമായി ബന്ധപ്പെട്ട് ഇന്ന് ആദിബത്ല പൊലീസ് അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ട്.
അടുത്തിടെ മന്നഗുഡയിലെ രണ്ടേക്കർ ഭൂമി പിടിച്ചെടുക്കാൻ ഇയാൾ ശ്രമിച്ചിരുന്നു. തന്റെ ഭൂമി കയ്യേറാൻ അഞ്ച് പേർ ശ്രമിക്കുന്നുവെന്നും ഭീഷണിപ്പെടുത്തുന്നുവെന്നും ഭൂവുടമയായ 44-കാരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പരാതിയെ തുടർന്ന് അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു. അഞ്ച് പേരിൽ ഒരാളാണ് കണ്ണ റാവു.
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ ബന്ധുവാണ് പരാതിക്കാരനായ ബന്ദോജു ശ്രീനിവാസ്. കൂടാതെ ഒഎസ്ആർ പ്രോജക്ട് എൽഎൽപി, എസ്എസ്എഎൻ എന്റർപ്രൈസ് എൽഎൽപി എന്നിവയുടെ ഉടമയാണ് ബന്ദോജു ശ്രീനിവാസ്. അറസ്റ്റ് ചെയ്ത പ്രതികളെ ഉടൻ റിമാൻഡ് ചെയ്യുമെന്നാണ് പുറത്തു വരുന്ന വിവരം. മുമ്പ് കണ്ണ റാവു രണ്ട് തവണ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും ഹൈക്കോടതി ഇത് തള്ളി. സംഭവവുമായി ബന്ധപ്പെട്ട് 38 പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.