കണ്ണൂർ: പാനൂർ ബോംബ് സ്ഫോടനക്കേസിൽ മൂന്ന് സിപിഎം പ്രവർത്തകർ അറസ്റ്റിൽ. രാവിലെ കസ്റ്റഡിയിലെടുത്ത നാലംഗ സംഘത്തിലെ മൂന്ന് പേരുടെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്. സിപിഎം പ്രവർത്തകരായ അരുൺ, അതുൽ, ഷിബിൻ ലാൽ, എന്നിവരാണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു. നേരത്തെയും രാഷ്‌ട്രീയ സംഘർഷങ്ങളിൽ ഏർപ്പെട്ടിരുന്നവരാണ് പ്രതികളെന്നാണ് വിവരം.
അരുൺ, അതുൽ, ഷിബിൻ ലാൽ, സായൂജ് എന്നിവരെ രാവിലെയായിരുന്നു പോലീസ് പിടികൂടിയത്. നാല് പേരും ബോംബ് നിർമിക്കുന്ന സമയത്ത് സംഭവ സ്ഥലത്തുണ്ടായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ആകെ പത്തോളം പേരാണ് ബോംബ് നിർമിക്കാനെത്തിയതെന്നാണ് പോലീസ് കണ്ടെത്തൽ. ഇതിൽ എട്ട് പേരെ തിരിച്ചറിഞ്ഞു.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിനീഷ് എന്നയാളാണ് ബോംബ് നിർമാണത്തിന്റെ മുഖ്യസൂത്രധാരൻ. സിപിഎം പ്രാദേശിക നേതാവിന്റെ മകനാണിയാൾ. വിനീഷിന്റെ വീടിന് സമീപമുള്ള നിർമാണത്തിലിരിക്കുന്ന വീട്ടിലെത്തിയാണ് സിപിഎം അനുഭാവികളും പ്രവർത്തകരുമടങ്ങുന്ന സംഘം ബോംബുണ്ടാക്കാൻ ശ്രമിച്ചത്. എന്നാൽ ഇതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. കൂട്ടത്തിലുണ്ടായിരുന്ന ഷെറിൽ എന്നയാളാണ് മരിച്ചത്. വിനോദ്, അശ്വത് എന്നിവർക്കും പരിക്കേറ്റിരുന്നു. ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.















