ദുബായ്: പെരുന്നാൾ ആഘോഷത്തിന് വിപുലമായ തയ്യാറെടുപ്പുകളാണ് ദുബായ് ആർടിഎ ഒരുക്കിയിരിക്കുന്നത്. റമദാൻ 29 മുതൽ ശവ്വാൽ മൂന്നു വരെ പൊതു സ്ഥലങ്ങളിലെ പാർക്കിങ് സൗജന്യമായിരിക്കുമെന്ന് ആർടിഎ അറിയിച്ചു. മൾടി ലെവൽ പാർക്കിംഗിന് മാത്രമാണ് പണം നൽകേണ്ടിവരിക.
റമദാൻ 29 ഏപ്രിൽ എട്ട് തിങ്കളാഴ്ചയാണ്. അതിനാൽ സാധാരണ നോ-പേ പാർക്കിംഗ് ദിവസമായ ഏപ്രിൽ ഏഴ് മുതൽ ജനങ്ങൾക്ക് സൗജന്യ പാർക്കിംഗ് ലഭിക്കും. ദുബൈ മെട്രോയുടെ പ്രവർത്തന സമയം നീട്ടുമെന്നും ആർടിഎ അറിയിച്ചു. റെഡ്, ഗ്രീൻ ലൈനുകൾ ഏപ്രിൽ 8 തിങ്കൾ മുതൽ 13 ശനി വരെ രാവിലെ 5 മണി മുതൽ പുലർച്ചെ 1 മണി വരെ പ്രവർത്തിക്കും. ദുബൈ ട്രാം തിങ്കൾ മുതൽ ശനി വരെ രാവിലെ 6 മുതൽ പുലർച്ചെ 1 വരെ ഓടും.
പബ്ലിക് ഇന്റർസിറ്റി ബസുകളുടെ പ്രവർത്തന സമയത്തിലും ക്രമീകരണം വരുത്തുമെന്ന് ആർടിഎ അറിയിച്ചു. S’hail ആപ്പ് പരിശോധിച്ചാൽ യാത്രക്കാർക്ക് വിവരം അറിയാം. വാട്ടർ ടാക്സി, ദുബൈ ഫെറി, അബ്ര എന്നിവയുൾപ്പെടെയുള്ള ജലഗതത്തിനുള്ള പ്രവർത്തന സമയവും ആർടിഎ ആപ്പിൽ കാണാം.