മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലെ ചെറിയ പട്ടണമായ മിറാജിലെ സിത്താറുകളും തൻപുരകളും സംഗീതോപകരണങ്ങൾ നിർമ്മിക്കുന്നതിൽ കരകൗശലത്തിന് പേരുകേട്ടതാണ്. ഭൗമസൂചിക പദവി സ്വന്തമാക്കിയിരിക്കുകയാണ് മഹാരാഷ്ട്രയുടെ സിത്താറും തൻപുരയും.
300 വർഷത്തെ പാരമ്പര്യമാണ് ഇവയ്ക്കുള്ളത്. ഏഴ് തലമുറയിലെ കരകൗശല വിദഗ്ധർ ഇവയുടെ പ്രാധാന്യം അറിഞ്ഞ് നിർമ്മാണ പ്രവർത്തനങ്ങളിലേർപ്പെടുന്നു. ശാസ്ത്രീയ സംഗീത മേഖലയിലും ചലച്ചിത്ര മേഖലയിലും ഏറെ ആവശ്യക്കാരാണ് ഇതിനുള്ളത്. ദ മിറാജ് മ്യൂസിക്കൽ ഇൻസ്ട്രമെന്റസ് ക്ലസ്റ്ററാണ് സിതാർ, തൻപുരാ ഉപകരണങ്ങൾ നിർമ്മിക്കുന്ന കരകൗശല വിദഗ്ധരുടെ സംഘത്തെ നിയന്ത്രിക്കുന്നത്. ഏകദേശം 450-ഓളം പേരാണ് ക്ലസ്റ്ററിൽ ഉൾപ്പെട്ടിട്ടുള്ളത്.
ആവശ്യക്കാരേറെയാണെങ്കിലും നിർമ്മാണ സാമഗ്രികളുടെ പര്യാപ്ത മൂലം പലപ്പോഴും ആവശ്യത്തിന് ഉപകരണങ്ങൾ നിർമ്മിക്കാൻ സാധിക്കുന്നില്ലെന്ന് കരകൗശല വിദഗ്ധർ പറയുന്നു. സിത്താറുകളും തൻപുരകളും നിർമ്മിക്കാനുള്ള തടി കർണാടകയിലെ വനങ്ങളിൽ നിന്നാണ് എത്തിക്കുന്നത്. പ്രതിമാസം 60 മുതൽ 70 വരെ സിത്താറുകളും 100 വരെ തൻപുരകളുമാണ് നിർമ്മിക്കുന്നത്.