തിരുവനന്തപുരം: മലയാളികൾക്ക് ചെറിയ പെരുന്നാൾ ആശംസകൾ നേർന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആഘോഷത്തിൽ മാത്രമല്ല ജീവിതത്തിൽ എന്നും നമുക്ക് ഈദ് മാർഗദീപമാകട്ടെയെന്ന് അദ്ദേഹം പറഞ്ഞു. ബുധനാഴ്ച രാവിലെ 7.50 ന് ബീമാപള്ളിയിൽ നടക്കുന്ന ഈദ്ഗാഹ് ചടങ്ങിലും ഗവർണർ പങ്കെടുക്കും.
‘ഈദുൽ ഫിത്തറിന്റെ ആഘോഷവേളയിൽ ലോകമെമ്പാടുമുള്ള കേരളീയർക്ക് എന്റെ ആശംസകൾ. ആത്മ നിയന്ത്രണത്തെയും ത്യാഗത്തെയും ഉദാരതയെയും ഓർക്കുന്നതാണ് ഈദുൽ ഫിത്തർ. പട്ടിണിയില്ലാത്തതും സന്തോഷകരവുമായ ഒരു ലോകം സൃഷ്ടിക്കുന്നത് നമ്മുടെ കടമയാണെന്ന സന്ദേശമാണ് റംസാൻ നോമ്പ് ഓർമ്മിപ്പിക്കുന്നത്. സാഹോദര്യവും അനുകമ്പയും ഈദ് ആഘോഷത്തിൽ മാത്രമല്ല ജീവിതത്തിൽ എന്നും നമ്മെ പ്രചോദിപ്പിക്കട്ടെ.’- ഗവർണർ കുറിച്ചു.
മാസപ്പിറവി ദൃശ്യമായതിനാൽ കേരളത്തിൽ ബുധനാഴ്ചയാണ് ചെറിയപെരുന്നാൾ. കോഴിക്കോട് പൊന്നാനിയിലാണ് മാസപ്പിറവി കണ്ടത്.