സിനിമാ ലോകത്ത് നിറസാന്നിധ്യമായിരുന്ന പ്രിയ നടി കനകലതയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മോഹൻലാൽ. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അനുശോചനം അറിയിച്ചത്.
“മലയാളസിനിമയിൽ ഒരു കാലഘട്ടത്തിലെ നിറസാന്നിധ്യമായിരുന്നു പ്രിയപ്പെട്ട കനകലത. ഇരുനൂറ്റി എൺപതിലധികം മലയാള ചിത്രങ്ങളിലും ഒട്ടേറെ തമിഴ് ചിത്രങ്ങളിലും വ്യത്യസ്തമായ വേഷങ്ങൾ ചെയ്ത അനുഗ്രഹീത കലാകാരി. കിരീടം ഉൾപ്പെടെ ഒട്ടേറെ സിനിമകളിൽ ഞങ്ങൾക്ക് ഒന്നിച്ച് അഭിനയിക്കാൻ സാധിച്ചു. ഈ ലോകത്തോട് വിടപറഞ്ഞ പ്രിയ സഹോദരിക്ക് വേദനയോടെ ആദരാഞ്ജലികൾ” മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു.
മലയാള സിനിമാ ലോകത്ത് തന്റേതായ ഇടംനേടിയ നടിയാണ് കനകലത. പാര്‍ക്കിൻസൺസും മറവിരോഗവും ബാധിച്ച് ചികിത്സയിലായിരുന്ന മുതിർന്ന നടി കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. സിനിമാ ലോകത്തെ നിരവധി താരങ്ങൾ ദുഃഖം രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നു.
കിരീടം, ചെങ്കോൽ, ഹരികൃഷ്ണന്‍സ്, മിഥുനം, സ്ഫടികം തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിൽ കനകലത മോഹൻലാലിനോടൊപ്പം അഭിനയിച്ചിട്ടുണ്ട്. പൂക്കാലം എന്ന ചിത്രത്തിലൂടെയാണ് കനകലത സിനിമാ രംഗത്തേക്ക് വരുന്നത്. സിനിമയിലും സീരിയലിലുമായി 35 വർഷത്തിലേറെ പ്രേക്ഷകർക്കിടയിൽ നിറഞ്ഞുനിന്ന കലാപ്രതിഭയായിരുന്നു. 450 ലധികം ടെലിവിഷന്‍ സീരിയലുകളിലും കനകലത അഭിനയിച്ചു.