നാരായൺപൂർ : കമ്യൂണിസ്റ്റ് ഭീകരരുടെ സ്മാരകം തകർത്ത് ഇന്ത്യൻ സുരക്ഷാ സേന . കശ്മീരിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും തീവ്രവാദത്തിന്റെയും , വിഘടനവാദത്തിന്റെയും നട്ടെല്ല് തകർത്തതിന് പിന്നാലെ കമ്യൂണിസ്റ്റ് ഭീകരതയ്ക്കെതിരെയും ശക്തമായ നീക്കമാണ് ഇന്ത്യൻ സുരക്ഷാ സേന നടത്തുന്നത് . ഐടിബിപി ബറ്റാലിയനാണ് ഛത്തീസ്ഗഡിലെ നാരായൺപൂർ ജില്ലയിലെ കമ്യൂണിസ്റ്റ് ഭീകരരുടെ സ്മാരകം തകർത്തത് .
ഈ നടപടിയുടെ വീഡിയോയും ഐടിബിപി പുറത്ത് വിട്ടു . ഇത് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണിപ്പോൾ . ” കോർപ്സ് നാരായൺപൂരിലെ (ഛത്തീസ്ഗഡ്) കസ്തൂർമെട്ട ഏരിയയിലെ ഏക്പാഡ് ഏരിയയിലെ ഇടതുപക്ഷ തീവ്രവാദികളുടെ സ്മാരകം തകർത്തു.” എന്നാണ് ഐടിബിപി പുറത്തുവിട്ട വീഡിയോയ്ക്കൊപ്പം കുറിച്ചത് .
സൈനികർ ചുവന്ന നിറമുള്ള സ്മാരകത്തിൽ കയറുന്നതും, ചുറ്റിക അടക്കമുള്ളവ ഉപയോഗിച്ച് സ്മാരകം തല്ലിപ്പൊളിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത് . മറ്റ് സൈനികർ ഇവർക്ക് കാവലായി നിൽക്കുകയും ചെയ്യുന്നുണ്ട് .
ഏകദേശം ഒരു പതിറ്റാണ്ട് മുമ്പ് ഛത്തീസ്ഗഡിലും ചുറ്റുമുള്ള സംസ്ഥാനങ്ങളിലും ഇത്തരം ആയിരക്കണക്കിന് സ്മാരകങ്ങൾ ഉണ്ടായിരുന്നതായി ഐടിബിപി ഉദ്യോഗസ്ഥർ പറഞ്ഞു. കമ്യൂണിസ്റ്റ് ഭീകരർ തങ്ങളുടെ ശക്തി പ്രകടിപ്പിക്കാനായാണ് ഈ സ്മാരകങ്ങൾ നിർമ്മിക്കുന്നത്. ഈ സ്മാരകങ്ങൾക്ക് മുകളിൽ ചെങ്കൊടിയും ഉയർത്തിയിരുന്നു.
ക്രമേണ ഭീകരരെ അടിച്ചമർത്തി, സ്മാരകങ്ങൾ നശിപ്പിക്കാനും തുടങ്ങിയെന്ന് ഐടിബിപി ഉദ്യോഗസ്ഥർ പറഞ്ഞു. സുരക്ഷാ സേനയുടെ നീക്കം പുരോഗമിക്കുകയാണെന്നും വൈകാതെ ഇത്തരം സ്മാരകങ്ങൾ മുഴുവൻ തകർക്കുമെന്നും ഐടിബിപി ഉദ്യോഗസ്ഥർ പറയുന്നു.