വിഷുവിനെ കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് നടൻ ഉണ്ണിമുകുന്ദൻ. ഗുജറാത്തിൽ പഠിക്കുന്ന സമയത്തെ ഓർമകളാണ് ഉണ്ണിമുകുന്ദൻ പങ്കുവച്ചത്. അഹമ്മദാബാദിലായിരുന്ന സമയത്ത് അച്ഛനും അമ്മയും രാവിലെ ഉണർത്തി വിഷുക്കണി കാണിക്കുന്നത് വളരെ ഇഷ്ടമാണ്. വിഷുക്കൈനീട്ടമായി അമ്മ തരുന്ന 5 രൂപ നാണയമാണ് കൂടുതൽ ഇഷ്ടമെന്നാണ് ഉണ്ണിമുകുന്ദൻ പറഞ്ഞത്. ഒരു സ്വകാര്യ ചാനലിനോട് അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഉണ്ണിമുകുന്ദൻ.
‘കേരളീയമായ ഉത്സവങ്ങൾ അതുപോലെ ആഘോഷിക്കാൻ ഭയങ്കര ഇഷ്ടമാണ്. അഹമ്മദാബാദിലായിരുന്ന സമയത്ത് അച്ഛനും അമ്മയും ഞാനും മാത്രമുള്ള വിഷു ആഘോഷങ്ങളായിരുന്നു. ഗുജറാത്തിൽ ആയിരുന്ന സമയത്ത് അമ്മ എന്നെയും ചേച്ചിയെയും രാവിലെ ഉണർത്തും. ഞങ്ങൾ വിഷുക്കണി കാണും. വിഷുക്കൈനീട്ടമായി അമ്മ എന്ത് തന്നാലും എനിക്ക് ഇഷ്ടമായിരുന്നു. അമ്മ തരുന്ന 5 രൂപയുടെ നാണയമായിരുന്നു കൂടുതൽ ഇഷ്ടം.
ഇപ്പോൾ എനിക്ക് ഇഷ്ടം, ചേച്ചി ബാങ്കിൽ ആയതുകൊണ്ട് 2 രൂപയുടെ ഒക്കെ പുതിയ നോട്ട് കിട്ടും. ചേച്ചി അത് അമ്മയ്ക്ക് അയച്ചു കൊടുക്കും. അമ്മ അതാണ് കൃഷ്ണന്റെ മുന്നിലൊക്കെ വയ്ക്കുന്നത്. അതൊക്കെ കാണാൻ പ്രത്യേക ഇഷ്ടമാണ്. നല്ല രസമാണ് കൃഷ്ണന്റെ മുന്നിൽ അത്രയും കാശ് വച്ചിരിക്കുന്നത് കാണാൻ.’-ഉണ്ണി മുകുന്ദൻ പറഞ്ഞു.