മലയാള സിനിമ മേഖലയെ വാനോളം ഉയർത്തിയ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. ഫെബ്രുവരി 22-ന് തിയേറ്ററിലെത്തിയ ചിത്രം ലോകമെമ്പാടുമുള്ള സിനിമാസ്വാദകരെ പിടിച്ചിരുത്തിയിരുന്നു. 200 കോടി കടക്കുന്ന ആദ്യ മലയാള സിനിമ എന്ന ചരിത്രനേട്ടം കൂടി മഞ്ഞുമ്മൽ ബോയ്സ് സ്വന്തമാക്കിയിട്ടുണ്ട്. ചിത്രം ബോക്സോഫീസിൽ 250 കോടി നേടുമെന്നാണ് പുറത്തുവരുന്ന വിവരം. തെന്നിന്ത്യയിൽ ഉൾപ്പെടെ വലിയ പ്രേക്ഷക പ്രീതി നേടിയ ചിത്രത്തെ സിനിമാ ലോകം ഒന്നടങ്കം വാഴ്ത്തുകയാണ്. തമിഴ് പ്രേക്ഷകരായിരുന്നു ചിത്രത്തെ ഏറ്റവും കൂടുതൽ ഏറ്റെടുത്തത്.
റിലീസ് ചെയ്ത് 53 ദിവസങ്ങൾ പൂർത്തിയാക്കുമ്പോഴും മഞ്ഞുമ്മൽ ബോയ്സിന്റെ തെരോട്ടം തുടരുകയാണ്. കേരളത്തിൽ നിന്ന് ചിത്രം 71 കോടി നേടിയപ്പോൾ തമിഴകത്ത് നിന്ന് 64 കോടിയാണ് ചിത്രം സ്വന്തമാക്കിയത്. തെന്നിന്ത്യൻ സിനിമാ മേഖലയിൽ മികച്ച കളക്ഷനാണ് ചിത്രം സ്വന്തമാക്കിയതെന്നാണ് വിവരം. തെന്നിന്ത്യയിൽ നിന്ന് 10 കോടി കളക്ഷനിൽ കൂടുതൽ നേടിയ ആദ്യ മലയാള സിനിമ എന്ന ചരിത്രനേട്ടവും മഞ്ഞുമ്മൽ സ്വന്തമാക്കിയിരുന്നു. ഇതുവരെ ആഗോളത്തലത്തിൽ 236 കോടിയാണ് ചിത്രം നേടിയത്.
കൊച്ചിയിൽ നിന്നും കൊടൈക്കനാലിലേക്ക് യാത്ര പോകുന്ന സുഹൃത്തുക്കളുടെ ജീവിതത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിതമായ സംഭവങ്ങളാണ് ചിത്രം പറയുന്നത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ തുടങ്ങിയ യുവതാരങ്ങളാണ് മഞ്ഞുമ്മൽ ബോയ്സായി ചിത്രത്തിലെത്തിയത്.