മുംബൈ: കോൺഗ്രസിന്റേത് വോട്ടുബാങ്ക് രാഷ്ട്രീയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരതത്തെ ലോകത്തിലെ ഏറ്റവും വലിയ ശക്തിയാക്കാനുള്ള തെരഞ്ഞെടുപ്പാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ ദമോയിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
എൻഡിഎ സർക്കാർ ആരുടെയും മുന്നിൽ തലകുനിക്കില്ല. ആരുടെയും സമ്മർദ്ദത്തിന് വഴങ്ങുന്നവരല്ല ബിജെപി. രാജ്യത്തിന്റെ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകിയാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. കേന്ദ്ര സർക്കാർ എന്തെങ്കിലുമൊരു തീരുമാനമെടുത്താൽ അത് ജനങ്ങളുടെ നന്മക്കായിരിക്കും.
ഇന്ന് പല രാജ്യങ്ങളുടെയും അവസ്ഥ വളരെ മോശമാണ്. പല രാജ്യങ്ങളും സാമ്പത്തിക വെല്ലുവിളികൾ നേരിടുകയാണ്. ഇന്ന് പ്രതിരോധ മേഖലയിലെ ഇന്ത്യയുടെ വളർച്ച അഭിമാനകരമാണ്. ഫിലിപ്പീൻസിലേക്കുള്ള ബ്രഹ്മോസ് മിസൈലുകൾ രാജ്യത്ത് നിന്ന് കയറ്റുമതി ചെയ്തിരിക്കുകയാണ്. വികസിത ഭാരതം എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ രാജ്യത്തെ എല്ലാ പൗരന്മാരുടെയും പിന്തുണ ഞങ്ങൾക്ക് ആവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു