ഒരു സ്ത്രീ പൂർണയാകുന്നത് അവൾ അമ്മ ആകുന്നതോടെയാണ്. ആരോഗ്യപൂർണമായ കുഞ്ഞിനെയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതിനായി ഗർഭകാലത്ത് ആരോഗ്യപരിപാലനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാറുണ്ട്. എന്നാൽ അമ്മയാകാനുള്ള തയ്യാറെടുപ്പിന് മുൻപ് തന്നെ പരിപാലനം തുടങ്ങണമെന്നാണ് വിദഗ്ധർ പറയുന്നത്.
അവശ്യ പോഷകങ്ങൾ ഗർഭകാലത്ത് ഉറപ്പാക്കേണ്ടതാണ്. ആരോഗ്യദായകവും സമീകൃതവുമായ ആഹാരം ശീലമാക്കുന്നത് കുഞ്ഞിന്റെ വളർച്ചയ്‌ക്ക് സഹായിക്കുന്നു. എന്നാൽ എല്ലാ തരം വിറ്റാമിനുകളും പോഷകങ്ങളും ആഹാരത്തിലൂടെ തന്നെ ലഭിക്കണമെന്നില്ല. അതിനാൽ കുഞ്ഞിന്റെ ആരോഗ്യത്തിനും വളർച്ചയ്‌ക്കും സഹായിക്കുന്ന സപ്ലിമെന്റുകളായ വിറ്റാമിനുകൾ കഴിക്കുന്നത് നല്ലതാണ്.
ഗർഭധാരണത്തിന് മുൻപ് തന്നെ ഇത്തരം സപ്ലിമെന്റുകൾ കഴിക്കുന്നത് ഗർഭകാലത്തെ സങ്കീർണതകൾ കുറയ്‌ക്കുന്നു. അമ്മയാകാൻ തയ്യാറെടുക്കും മുൻപ് കഴിച്ചിരികേണ്ട ചില വിറ്റാമിൻ സപ്ലിമെന്റുകൾ അറിഞ്ഞിരിക്കാം..
1) ഫോളിക് ആസിഡ്
കുഞ്ഞിന്റെ വളർച്ചയ്‌ക്കും കോശങ്ങളുടെ വികാസത്തിനും ആവശ്യമായ വിറ്റാമിൻ ആണ് വിറ്റാമിൻ ബി. ഇവ ധാരാളമായി ഫോളിക് ആസിഡിൽ അടങ്ങിയിട്ടുണ്ട്. മസ്തിഷ്ക വൈകല്യങ്ങളെ തടയാനും ഈ സപ്ലിമെന്റ് സഹായിക്കുന്നു. ഗർഭധാരണത്തിന് മുൻപും ഗർഭകാലത്തും ഫോളിക് ആസിഡ് ഗുളിക കഴിക്കാൻ ഡോക്ടർമാർ നിർദ്ദേശിക്കുന്നു.
2) കാൽസ്യം
എല്ല്, പല്ല്, പേശി, നാഡി തുടങ്ങിയവയുടെ വളർച്ചയ്‌ക്ക് അത്യന്താപേക്ഷിതമാണ് കാൽസ്യം. അമ്മയുടെ എല്ലുകളുടെ ശക്തി വർദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കും.
3) ഇരുമ്പ്
ഗർഭകാലത്ത് ശരീരത്തിന് ഉയർന്ന അളവിൽ ഇരുമ്പ് ആവശ്യമാണ്. അല്ലാത്തപക്ഷം വിളർച്ച ഉണ്ടാകാനുള്ള സാധ്യതയേറെയാണ്. ഭക്ഷണത്തിലൂടെയും അല്ലാതെയും ഇരുമ്പ് ഉൾപ്പെടുത്തുന്നത് തികയാതെയുള്ള പ്രസവം, തൂക്ക കുറവ്, ശിശുമരണ നിരക്ക് എന്നിവ കുറയ്‌ക്കാൻ സഹായിക്കും. മതിയായ ഇരുമ്പിന്റെ അളവ് ഗർഭപിണ്ഡത്തിന് രക്തത്തിന്റെയും ഓക്‌സിജന്റെയും വിതരണം ഉറപ്പാക്കാൻ സഹായിക്കുന്നു.
4) വിറ്റാമിൻ ഡി
ഗർഭകാലത്ത് വിറ്റാമിൻ ഡി സപ്ലിമെൻ്റുകൾ ദിവസവും കഴിക്കേണ്ടത് അത്യാവശ്യമാണ്. വിറ്റാമിൻ ഡി കാൽസ്യം ആഗിരണം ചെയ്യാൻ സഹായിക്കുന്നു. എല്ലുകൾ, തലച്ചോറ്, ഹൃദയാരോഗ്യം, പ്രതിരോധശേഷി, ശ്വസന ആരോഗ്യം എന്നിവയ്‌ക്കും ഇത് അത്യന്താപേക്ഷിതമാണ്.
5) പ്രോട്ടീൻ
ഗർഭാവസ്ഥയിൽ രക്തത്തിന്റെ അളവ് വർദ്ധിക്കുന്നു. കലകൾ വിഘടിക്കുകയും ഉള്ളിൽ പുതുജീവൻ തുടിക്കുകയും ചെയ്യുന്നു. അതിനാൽ ഒഴിച്ചു കൂടാനാവത്ത ഒന്നാണ് പ്രോട്ടീൻ.
ഇവയ്‌ക്ക് പുറമേ അമ്മയുടെ നിലവിലുള്ള ആരോഗ്യനില അനുസരിച്ച് വിറ്റാമിൻ സി, ഒമേഗ -3 ഫാറ്റി ആസിഡുകൾ, കോളിൻ, അയോഡിൻ എന്നിവയും ആവശ്യമായി വന്നേക്കാം. ഡോക്ടറുടെ നിർദ്ദേശ പ്രകാരം മാത്രമാകണം സപ്ലിമെന്റുകൾ കഴിക്കാൻ എന്നത് പ്രത്യേകം ശ്രദ്ധിക്കണം.















