പത്തനംതിട്ട: ആസിഡ് ആക്രമണത്തിൽ നിന്ന് യുവാവിനെ രക്ഷപ്പെടുത്തി തെരഞ്ഞെടുപ്പ് നിരീക്ഷണ സംഘം. സംഭവത്തിൽ പ്രതികളെ പൊലീസ് പിടികൂടി. പ്ലാച്ചേരിയിൽ വച്ചായിരുന്നു സംഭവം. പൊന്തൻപുഴ വനത്തിൽ നിന്ന് പരിക്കുകളോടെ ഓടിയെത്തിയ യുവാവ് ഉദ്യോഗസ്ഥരുടെ മുന്നിൽപ്പെടുകയായിരുന്നു. വിവരങ്ങൾ അന്വേഷിച്ചറിഞ്ഞ ഉദ്യോഗസ്ഥർ യുവാവിനെ രക്ഷപ്പെടുത്തി.
മുഖത്തിന്റെ ഒരു വശത്തും കഴുത്തിലും യുവാവിന് പൊള്ളലേറ്റിട്ടുണ്ട്. രണ്ട് പേർ തന്നെ ആക്രമിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്നും യുവാവ് പൊലീസിന് മൊഴി നൽകി. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് ഇയാൾ പൊലീസിനെ അറിയിച്ചിട്ടുണ്ട്. യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.