നിവിൻ നായകനായെത്തുന്ന പുത്തൻ ചിത്രമായ മലയാളി ഫ്രം ഇന്ത്യയുടെ പ്രമോ ഗാനം പുറത്തിറങ്ങി. കേരളത്തെയും മലയാളികളെയും പുകഴ്ത്തി കൊണ്ടുള്ള ഗാനത്തിന് വേൾഡ് മലയാളി ആൻന്ദം എന്നാണ് പേരിട്ടിരിക്കുന്നത്. നിവിന്റെ മറ്റൊരു വേഷപ്പകർച്ചയാണ് വീഡിയോ ഗാനത്തിൽ കാണാനാകുന്നത്. അക്ഷയ് ഉണ്ണികൃഷ്ണനും ജേക്സ് ബിജോയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ അര ലക്ഷത്തോളം അൾക്കാരാണ് വീഡിയോ കണ്ടത്. ഇത് നിവിൻ യുഗമെന്നും പൊളിക്കുമെന്നുമാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.
വർഷങ്ങൾക്ക് ശേഷം പ്രേക്ഷകപ്രീതി നേടി ബോക്സോഫീസിൽ കുതിക്കുന്നതിനിടെയാണ് നിവിൻ ആരാധകർക്ക് ഇരട്ടി മധുരവുമായി പ്രമോ ഗാനമെത്തിയിരിക്കുന്നത്. സിനിമാ ജീവിതത്തിൽ ചെറിയ ഇടവേളയെടുത്ത നിവിന്റെ ശക്തമായ തിരിച്ചുവരവായിരിക്കും ഈ സിനിമയെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ചിത്രത്തിൽ ആൽപ്പറമ്പിൽ ബോബി എന്ന കഥാപാത്രമായാണ് നിവിനെത്തുന്നത്.
ഡിജോ ജോസ് ആന്റണിയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അനശ്വര രാജനാണ് ചിത്രത്തിലെ നായിക. ഷാരിസ് മുഹമ്മദാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. അജു വർഗീസ്, മഞ്ജു പിള്ള തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ഫാമിലി എന്റർടൈനറായ ചിത്രം വൻ ബജറ്റിലാണ് ഒരുങ്ങുന്നത്.