വിനീത് ശ്രീവിവാസൻ സംവിധാനം ചെയ്ത് ഏപ്രിൽ 11-ന് പുറത്തിറങ്ങിയ ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. തിയേറ്ററിലെത്തിയ ആദ്യ ദിനം തന്നെ പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് വളരെ മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. സമൂഹമാദ്ധ്യമങ്ങൾ മുഴുവൻ വർഷങ്ങൾക്ക് ശേഷം ടീമിന്റെ വിശേഷങ്ങളാണ്. ഇതിനിടെ ഷൂട്ടിംഗ് ലൊക്കേഷനിലെ വീഡിയോകളും താരങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ക്രിക്കറ്റ് കളിക്കുന്നതിന്റെയും രാജശിൽപിയിലെ മോഹൻലാലിന്റെ രൂപത്തിലുള്ള പ്രണവ് മോഹൻലാലിന്റെ വീഡിയോയുമൊക്കെ അത്തരത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായ വീഡിയോകളാണ്.
ഷൂട്ടിംഗ് ലൊക്കേഷനിൽ ചിത്രീകരിച്ച ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. നരൻ സിനിമയിലെ ‘ഓഹോ ഹോ ഓ നരൻ… ‘എന്ന ഗാനം സംഘമായി പാടുന്നതാണ് വീഡിയോ. ചിത്രത്തിന്റെ നിർമാതാവ് വിശാഖ് സുബ്രഹ്മണ്യനാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.
വിശാഖ് സുബ്രഹ്മണ്യം, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, പ്രണവ് മോഹൻലാൽ, ബേസിൽ ജോസഫ്, സഹ സംവിധായകൻ അഭയ് വാര്യർ എന്നിവരാണ് വീഡിയോയിലുള്ളത്. “ഞങ്ങൾ പാടും സയറക്ടർ ഉറങ്ങും” എന്ന അടിക്കുറിപ്പോടെയാണ് വിശാഖ് വീഡിയോ പങ്കുവച്ചത്. നിരവധി പേരാണ് രസകരമായ അഭിപ്രായങ്ങൾ പങ്കുവച്ച് കമന്റ് ബോക്സിൽ പ്രത്യക്ഷപ്പെട്ടത്.















