ഇംഫാൽ: മണിപ്പൂരിൽ 11 ബൂത്തുകളിൽ ഇന്ന് റീപോളിംഗ് നടക്കും. അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്ത വിവിധ ഇടങ്ങളിലാണ് ഇന്ന് റീംപോളിംഗ് നടക്കുന്നത്. അക്രമികൾ ഇവിടെ ഇവിഎമ്മുകൾ നശിപ്പിക്കുകയും വെടിയുതിർക്കുകയും ചെയ്തിരുന്നു. ആദ്യഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ 11 ഇടങ്ങളിലും റീപോളിംഗ് നടത്തുമെന്ന് മണിപ്പൂർ ചീഫ് ഇലക്ടറൽ ഓഫീസർ അറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസത്തെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കർശന സുരക്ഷയാണ് 11 ഇടത്തും ഏർപ്പെടുത്തിയിരിക്കുന്നത്. 19ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പ് അസാധുവായിരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിരുന്നു. ഖുറൈ അസംബ്ലി മണ്ഡലത്തിലാണ് റീപോളിംഗ് നടക്കുന്ന എല്ലാ ബൂത്തുകളും ഉള്ളത്.
ആദ്യഘട്ട വോട്ടെടുപ്പിന്റെ അന്ന് നടന്ന അക്രമസംഭവങ്ങളിൽ ഒരാൾക്ക് വെടിയേറ്റിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് പുറമെ വിവിധ നിയമസഭാ സീറ്റുകളിലേക്കും അന്നേദിവസം വോട്ടെടുപ്പ് നടന്നിരുന്നു. ഔട്ടർ മണിപ്പൂരിലെ 13 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഈ മാസം 26ന് രണ്ടാം ഘട്ടത്തിൽ നടക്കും.