കേരള-തമിഴ്നാട് അതിർത്തിയിലെ തീർത്ഥാടന കേന്ദ്രമാണ് വരമ്പതി കാളിമല ക്ഷേത്രം. ദ്രാവിഡ പൂജാരീതികൾ നിലനിൽക്കുന്ന അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് കാളിമല ക്ഷേത്രം. ഈ വർഷത്തെ കാളിമല ക്ഷേത്രത്തിലെ തീർത്ഥാടനം ഏപ്രിൽ 18-ന് ആരംഭിച്ചിരുന്നു. നാളെ നടക്കുന്ന ചിത്രപൗർണമി പൊങ്കാലയോടെയാണ് തീർത്ഥാടനം സമാപിക്കുന്നത്.
സമുദ്രനിരപ്പിൽ നിന്നും മൂവായിരത്തി അറുന്നൂറോളം അടി ഉയരത്തിൽ നിലനിൽക്കുന്ന ക്ഷേത്രത്തിൽ പതിനായിരക്കണക്കിന് സ്ത്രീജനങ്ങളാണ് പൊങ്കാലക്കെത്തുന്നത്. ക്ഷേത്രത്തിലെ മുഖ്യ ദേവത ഭദ്രകാളിയാണെങ്കിലും ശാസ്താവ്, ശിവൻ, നാഗയക്ഷി എന്നീ ദേവതകൾക്കും പ്രാധാന്യമുണ്ട്. വിശഷദിവസങ്ങളിൽ ഭക്തജനങ്ങൾ ഇരുമുടിക്കെട്ടേന്തി മല ചവിട്ടി ധർമ്മശാസ്താവിന് നെയ്യഭിഷേകവും നടത്തും.
തീർഥാടനദിവസങ്ങളിൽ ഗണപതിഹോമം, ഭഗവതിസേവ, ദേവീമാഹാത്മ്യ പാരായണം, കുങ്കുമാഭിഷേകവും ഭസ്മാഭിഷേകവും ക്ഷേത്രത്തിൽ നടത്താറുണ്ട്. അന്നദാനം വിശേഷാൽപൂജകൾ എന്നിവയും നൽകും.
തീർത്ഥാടനത്തിന്റെ അവസാനദിവസമായ നാളെ രാവിലെ 8 മണിക്ക് ഭജന ആരംഭിക്കും. ഒൻപതിന് 48 കാണി സെറ്റിൽമെന്റ് മൂട്ടുകാണിമാർക്ക് പൂർണകുംഭം നൽകി ആദരിക്കൽ ചടങ്ങും നടക്കും. ശേഷം 9.30 ഓടെ ചിത്രാപൗർണമി പൊങ്കാലയും തുടർന്ന് തീർഥാടനസമ്മേളനവും നടക്കുന്നതാണ്. 12-മണിയോടെ പൊങ്കാല നിവേദിക്കും. രാത്രി 12-ന് കാളിയൂട്ടും നടക്കും. മലമുകളിലെത്തുന്ന എല്ലാ വിശ്വാസികൾക്കും പൊങ്കാലയിടാനുള്ള സൗകര്യങ്ങൾ സംഘാടകർ സജ്ജമാക്കിയിട്ടുണ്ട്.
വിളവൻകോട് താലൂക്കിലെ കടയൽ പഞ്ചായത്തിലാണ് വരമ്പതി കാളിമല തീർത്ഥാടന കേന്ദ്രം. തിരുവനന്തപുരത്തു നിന്നും വെള്ളറട വഴി കാളിമലയിലെത്താവുന്നതാണ്. പ്രകൃതി രമണീയമായ മലകളാൽ ചുറ്റപ്പെട്ട കാളിമല തീർത്ഥാടനത്തിനൊപ്പം മനസ്സിനും ശരീരത്തിനും കുളിർമ്മ നൽകുന്നതാണ്. കാളി മലയിൽ നിന്നാൽ നെയ്യാർഡാം, പേച്ചിപ്പാറ, ചിറ്റാർ, കോതയാർ എന്നീ അണക്കെട്ടുകളും കാണാം. തീർത്ഥാടനത്തിന്റെ സമാപന ദിവസമായ നാളെ കെ.എസ്.ആർ.ടി.സി.യുടെ വിവിധ ഡിപ്പോകളിൽ നിന്നുള്ള പ്രത്യേക ബസ് സർവീസുകളും ഉണ്ടായിരിക്കുന്നതാണ്.















