തൃശൂർ: കിണറ്റിൽ വീണ ആന ചരിഞ്ഞു. തൃശൂരിലെ മാന്ദാമംഗലം വെള്ളക്കാരിത്തടതാണ് സംഭവം. ഇന്നലെ രാത്രിയാണ് ആന കിണറ്റിൽ വീണത്. വെള്ളക്കാരിത്തടം സ്വദേശി സുരേന്ദ്രന്റെ വീട്ടിലെ കിണറ്റിലാണ് ആന വീണത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെയാണ് ആന ചരിഞ്ഞത് വീട്ടുകാർ ഉപയോഗിക്കുന്ന കിണറ്റിലേക്കാണ് ആന വീണത്.
ഫയർഫോഴ്സിന്റേയും വനംവകുപ്പിന്റേയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്. സമീപത്ത് കുഴിയെടുത്താണ് ആനയെ കരയ്ക്ക് കയറ്റാനുള്ള ശ്രമങ്ങൾ നടത്തിയത്. കൊമ്പനാനയായിരുന്നു കിണറ്റിൽ വീണത്. കിണറ്റിന്റെ വ്യാസം കുറവായതിനാൽ വളരെ ബുദ്ധിമുട്ടിയാണ് ആന കിണറ്റിൽ നിന്നിരുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്തേക്കുള്ള പാത അടച്ചിട്ടുണ്ട്.
കാടിനോട് ചേർന്നുള്ള പ്രദേശമായതിനാൽ ആന മുമ്പും ജനവാസ മേഖലയിലിറങ്ങിയിട്ടുണ്ട്. നാട്ടിലിറങ്ങിയ ആന രാത്രി വൈകി തിരിച്ചുപോകുന്നതിനിടെയാകാം സംഭവമുണ്ടായതെന്ന് നാട്ടുകാർ പറയുന്നു.