ബെംഗളൂരു: കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ നേഹ ഹിരേമത്ത് ലൗജിഹാദ് കൊലപാതകത്തിന് ഇരയായ സംഭവത്തിന് പിന്നാലെ മറ്റൊരു പെൺകുട്ടിക്ക് നേരെയും ആക്രമണം. നേഹയുടെ കൊലപാതകം ഭയപ്പെടുത്തിയതോടെ സൗഹൃദ ബന്ധത്തിൽ നിന്ന് പിന്മാറിയ ഹിന്ദു പെൺകുട്ടിയെ ഇതരമതസ്ഥനായ യുവാവ് ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ പഴക്കച്ചവടക്കാരനായ അഫ്താബിനെ പോലീസ് അറസ്റ്റ് ചെയ്തു.
സഹപാഠിയായ മുസ്ലീം പെൺകുട്ടി മുഖേനയാണ് യുവതി അഫ്താബിനെ പരിചയപ്പെടുന്നത്. കഴിഞ്ഞ രണ്ട് വർഷത്തോളമായി ഇയാൾ യുവതിയെ പിന്തുടരുന്നുണ്ടായിരുന്നു. ഒടുവിൽ പരിചയത്തിലായപ്പോൾ ഇയാൾ നിരവധി സമ്മാനങ്ങൾ പെൺകുട്ടിക്ക് നൽകി. തുടർന്ന് ഇരുവരും സുഹൃത്തുക്കളായി. എന്നാൽ നേഹ ഹിരേമത്തിന്റെ കൊലപാതകം അറിഞ്ഞതോടെ ഭയപ്പാടിലായ പെൺകുട്ടി അഫ്താബിനെ സംശയിച്ചു. യുവാവുമായുള്ള എല്ലാവിധ ബന്ധവും അവസാനിപ്പിക്കാൻ പെൺകുട്ടി തീരുമാനിച്ചു. ഇക്കാര്യം അഫ്താബിനെ വിളിച്ചറിയച്ചതോടെ, നേരത്തെ നൽകിയ സമ്മാനങ്ങൾ യുവാവ് തിരികെ ആവശ്യപ്പെട്ടു.
സമ്മാനങ്ങൾ തിരികെ നൽകുന്നതിനായി അഫ്താബിനെ കാണാൻ പെൺകുട്ടി എത്തിയപ്പോഴാണ് മൂർച്ചയുള്ള ആയുധം കൊണ്ട് ആക്രമിച്ചത്. പട്ടാപ്പകൽ തെരുവിൽ വച്ചായിരുന്നു ആക്രമണം. ശേഷം ഇയാൾ സമ്മാനങ്ങൾ റോഡിൽ കൂട്ടിയിട്ട് കത്തിക്കുകയും ചെയ്തു. പെൺകുട്ടിയെ അഫ്താബ് ഉപദ്രവിക്കുന്നത് ശ്രദ്ധയിൽപ്പെട്ട വഴിപോക്കരാണ് രക്ഷകരായി എത്തിയത്. ഇവർ അഫ്താബിനെ പിടിച്ചുമാറ്റുകയും പോലീസിൽ ഏൽപ്പിക്കുകയുമായിരുന്നു. അഫ്താബിന്റെ കൈവശം കത്തിയുണ്ടായിരുന്നതായും പിന്നീട് കണ്ടെത്തി. സംഭവത്തിൽ ഹൂബ്ലി-ധാർവാർഡ് പോലീസ് കമ്മീഷണർ രേണുക സുകുമാർ ഇടപെടുകയും വിശദമായ അന്വേഷണം ആരംഭിച്ചതായി അറിയിക്കുകയും ചെയ്തു.