തൃശൂർ: തൃശൂരിൽ നഗരസഭയുടെ മാലിന്യ ശേഖരണ കേന്ദ്രത്തിൽ വൻ തീപിടിത്തം. ചാലക്കുടി ഇൻഡോർ സ്റ്റേഡിയത്തിന് സമീപമാണ് വൻ തീപിടിത്തം ഉണ്ടായത്. ദേശീയപാതയോട് ചേർന്നുള്ള കേന്ദ്രത്തിന്റെ പിൻഭാഗത്ത് തീപിടിത്തം ഉണ്ടായതിനാൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. കൂട്ടിയിട്ട മാലിന്യങ്ങൾക്കാണ് തീപിടിച്ചത്.
ഇന്ന് ഉച്ചയ്ക്ക് 12.30-ഓടെയായിരുന്നു സംഭവം. കനത്ത ചൂടിനെ തുടർന്നാണ് തീപിടിത്തം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. മാള, ചാലക്കുടി, ഇരിങ്ങാലക്കുട, കൊടകര, അങ്കമാലി എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ യൂണിറ്റുകൾ ചേർന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്.