ആലപ്പുഴ: പ്രസവത്തെ തുടർന്നുണ്ടായ അണുബാധയേറ്റ് യുവതിക്ക് ദാരുണാന്ത്യം. അമ്പലപ്പുഴ സ്വദേശി ഷിബിനയാണ് മരിച്ചത്. പ്രസവത്തെ തുടർന്നാണ് ഷിബിനയ്ക്ക് അണുബാധയേറ്റതെന്ന് ബന്ധുക്കൾ ആരോപിച്ചു.
കഴിഞ്ഞ മാസമാണ് ഷിബിനയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രസവം നടന്ന് ഒരു മാസത്തിനുള്ളിൽ അണുബാധയേൽക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഷിബിനയുടെ കരളിലേക്ക് അടക്കം അണുബാധയേറ്റതായി കണ്ടെത്തി.
ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് യുവതി മരണപ്പെട്ടത്. ഷിബിനയുടെ മരണത്തിന് പിന്നിൽ ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്ന് ആരോപിച്ച് ബന്ധുക്കൾ ആശുപത്രി ഉപരോധിച്ച് രംഗത്തെത്തി. പൊലീസും ബന്ധുക്കളും തമ്മിലുണ്ടായ വാക്കേറ്റം പിന്നീട് സംഘർഷത്തിലാണ് കലാശിച്ചത്. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്.