ജയ്പൂർ: അന്തരീക്ഷ താപനില വർദ്ധിക്കുന്ന സാഹചര്യത്തിൽ മൃഗങ്ങൾക്ക് ആശ്വാസമായി ബയോളജിക്കൽ പാർക്കിൽ കൂളറുകളും വാട്ടർ സ്പ്രിംക്ലറുകളും സ്ഥാപിച്ചു. രാജസ്ഥാനിലെ ജയ്പൂരിലുള്ള നഹർഗഡ് ബയോളജിക്കൽ പാർക്കിലാണ് ഇത്തരത്തിൽ മൃഗങ്ങൾക്കായി സൗകര്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. നിശ്ചിത സമയത്തിൽ ഐസ്ക്രീമും തണ്ണിമത്തനും മറ്റ് തണുത്ത പാനീയങ്ങളും നൽകും. ഇതിന്റെ ചിത്രങ്ങൾ പാർക്കിലെ ജീവനക്കാർ പങ്കുവച്ചിട്ടുണ്ട്.
മൃഗങ്ങളുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. കടുവകൾക്ക് തണുത്ത പാലും കരടികൾക്ക് ഐസ്ക്രീമും തേനും നൽകുന്നു. തണ്ണിമത്തൻ, വെള്ളരിക്ക എന്നിവയാണ് മാനിനും ഹിപ്പോയ്ക്കും നൽകുന്ന ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മൃഗങ്ങളുടെ ശരീരത്തിൽ തണുപ്പ് നിലനിർത്താനാണ് ഇത്തരത്തിൽ തണുത്ത ആഹാരപദാർത്ഥങ്ങൾ അമിതമായി നൽകുന്നത്.
പാർക്കിലുള്ള മൃഗങ്ങളെ ചൂടിൽ നിന്ന് സംരക്ഷിക്കാൻ വിവിധ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് ബയോളജിക്കൽ പാർക്കിലെ റേഞ്ചർ ജഗദീഷ് ശർമ്മ അറിയിച്ചു. ചൂടിൽ നിന്ന് മൃഗങ്ങളെ സംരക്ഷിക്കാൻ പ്രത്യേക ക്രമീകരണങ്ങളും ചെയ്തുവരികയാണ്. അതിനായി ഗ്രീൻ നെറ്റ്കളും സ്പ്രിംക്ലറുകളും സ്ഥാപിച്ചു. ഷേഡിന്റെ നിർമാണങ്ങൾ നടക്കുകയാണ്. മൃഗങ്ങളുടെ ഭക്ഷണത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ഏഷ്യാറ്റിക് സിംഹങ്ങൾ, ബംഗാൾ കടുവകൾ, കഴുതപ്പുലികൾ, ചെന്നായ്ക്കൾ, മാൻ, മുതലകൾ, കരടികൾ, ഹിമാലയൻ കരടികൾ, കാട്ടുപന്നി തുടങ്ങിയവയാണ് നഹർഗഡ് ബയോളജിക്കൽ പാർക്കിലുള്ളത്. പുള്ളിപ്പുലി, മാൻ, കരടി, കുറുക്കൻ എന്നിവയുടെ കൂടുകൾക്ക് സമീപത്താണ് വാട്ടർ സ്പ്രിംക്ലറുകൾ സ്ഥാപിച്ചത്. കടുവയുടെയും സിംഹത്തിന്റെയും കൂടുകളിൽ കൂളറുകൾ സ്ഥാപിച്ചിട്ടുണ്ട്.