ന്യൂഡൽഹി: ഡൽഹിയിലെ നടുറോഡിലിരുന്നു തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിന് വേണ്ടി റീല് ചിത്രീകരിക്കാൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരക്കേറിയ ജിടി കർണാൽ റോഡിലിരുന്ന് വീഡിയോ ചിത്രീകരിച്ച വിപിൻ കുമാറിനെയാണ് (26 ) പോലീസ് അറസ്റ്റു ചെയ്ത്. വിപിൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത റീലിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.
35 സെക്കന്റ് വീഡിയോയിൽ നടുറോഡിൽ പാർക്ക് ചെയ്തിരിക്കുന്ന ബൈക്കും കൂടെയൊരു കസേരയും കാണാം. ഇതിലേക്ക് സിനിമ സ്റ്റൈലിൽ വന്നിരിക്കുന്ന യുവാവിന്റെ വീഡിയോ ആണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചത്. പ്രശസ്തിക്ക് വേണ്ടിയാണ് യുവാവ് ഇങ്ങനെയൊരു സാഹസത്തിന് മുതിർന്നത്. എന്നാൽ സംഭവത്തിൽ സ്വമേധയാ കേസെടുത്ത പോലീസ് ഇയാളുടെ മൊബൈൽ ഫോണും ബൈക്കും പിടിച്ചെടുത്തു. തീർന്നില്ല, ഇയാളുടെ സോഷ്യൽ മീഡിയ അക്കൗണ്ട് സഹിതം ഡിലീറ്റ് ചെയ്യുമെന്ന് ഡൽഹി പൊലീസ് എക്സിലൂടെ അറിയിച്ചിട്ടുണ്ട്.
യുവാവിന്റെ പ്രവർത്തിയിൽ ഡൽഹി പോലീസ് കൈക്കൊണ്ട നടപടിക്ക് അഭിനന്ദന പ്രവാഹമാണ് മറ്റു സോഷ്യൽ മീഡിയ ഇൻഫ്ലുൻസർമാരിൽ നിന്നും ലഭിക്കുന്നത്. ഇത്തരക്കാർക്ക് ചെറിയ പിഴ ശിക്ഷ മാത്രം നൽകിയാൽ പോരെന്നും സോഷ്യൽ മീഡിയ അക്കൗണ്ട് ഡിലീറ്റ് ആക്കിയ നടപടി ഉചിതമെന്നുമാണ് ബഹുഭൂരിപക്ഷം പേരുടെയും കമന്റുകൾ.