ഡിജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ നിവിൻ പോളി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് മലയാളി ഫ്രം ഇന്ത്യ. ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മെയ് ഒന്നിനാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്. ചിത്രത്തിലെ രസകരമായ ഒരു ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. വേൾഡ് ഓഫ് ഗോപി എന്ന് പേരിട്ടിരിക്കുന്ന ഗാനമാണ് പുറത്തുവന്നരിക്കുന്നത്.
സുഹൈല്‍ കോയയുടെ വരികൾക്ക് ജേക്സ് ബിജോയ് സംഗീതം നൽകി അഭിജിത്ത് അനില്‍കുമാറാണ് ഗാനം ആലപിച്ചിരിക്കുന്നത്. നിവിന്റെ കഥാപാത്രമായ ഗോപിയുമായി ബന്ധപ്പെട്ട് നിൽക്കുന്നവരെ കുറിച്ചാണ് ഗാനത്തിൽ പറയുന്നത്. തനി മലയാളിയുടെ എല്ലാ സ്വഭാവ ഗുണങ്ങളുമുള്ള വ്യക്തിയായാണ് നിവിൻ ചിത്രത്തിലെത്തുന്നത്.
അനശ്വര രാജനാണ് ചിത്രത്തിലെ നായിക. ഷാരിസ് മുഹമ്മദാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. അജു വർഗീസ്, മഞ്ജു പിള്ള, സലീം കുമാർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. വളരെ വ്യത്യസ്തമായ വേഷത്തിലാണ് സിനിമയിൽ നിവിൻ പോളി എത്തുന്നത്. ഫാമിലി എന്റർടെയ്നറായി എത്തുന്ന ചിത്രം വൻ ബജറ്റിലാണ് ഒരുങ്ങുന്നത്.
ചിത്രത്തിന്റെ പ്രമോ ഗാനം അടുത്തിടെ പുറത്തിറങ്ങിയിരുന്നു. മലയാളികളെ പുകഴ്ത്തികൊണ്ടുള്ള ഗാനത്തിന് വലിയ പ്രേക്ഷക പ്രീതിയാണ് ലഭിച്ചത്.