മാതൃക പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കെതിരെ നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ആറു വർഷം നരേന്ദ്ര മോദിയെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കണമെന്നായിരുന്നു ആവശ്യം. ദൈവത്തിന്റെയും ക്ഷേത്രത്തിന്റെയും പേരിൽ വോട്ടു തേടിയെന്ന ആരോപണത്തിലായിരുന്നു ഹർജി.അഭിഭാഷകനായ ആനന്ദ് എസ് ജോൻഡാലെയാണ് ഹർജി സമർപ്പിച്ചത്.
എന്നാൽ ഹർജിയിൽ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സച്ചിൻ ദത്തിന്റെ ബെഞ്ച് ഹർജി തള്ളിയത്. ഉത്തർപ്രദേശിലെ പിലിഭിത്തിൽ നരേന്ദ്രമോദി നടത്തിയ പ്രസംഗം പരാമർശിച്ചായിരുന്നു പരാതി.
പെരുമാറ്റചട്ട ലംഘനം നടന്നുവെന്ന് ഹർജിക്കാരൻ തന്നെ മുൻകൂട്ടി തീരുമാനിച്ചത് നീതിരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും കോടതി വിലയിരുത്തി. അതേസമയം നരേന്ദ്രമോദി മുസ്ലീം സമുദായത്തെ നുഴഞ്ഞു കയറ്റക്കാരെന്ന് അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി നേരത്തെ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു.