അമൃത്സർ: പഞ്ചാബിലെ ഫിറോസ്പൂരിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച ചൈന നിർമ്മിത ഡ്രോൺ പിടികൂടി ബിഎസ്എഫ്. ഫിറോസ്പൂരിലെ അതിർത്തി പ്രദേശത്ത് നിന്നാണ് ഡ്രോൺ കണ്ടെത്തിയത്. ഡ്രോണിൽ നിന്നും ഹെറോയിൻ കണ്ടെടുത്തതായി ബിഎസ്എഫ് അറിയിച്ചു.
ചൈന നിർമ്മിത ഡിജെഐ മാവിക് 3 ക്ലാസിക്കാണ് ഡ്രോണെന്ന് അധികൃതർ അറിയിച്ചു. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് ഡ്രോൺ കണ്ടെടുത്തത്. ഏകദേശം 510 ഗ്രാം തൂക്കം വരുന്ന ഹെറോയിനാണ് ഇതിലുണ്ടായിരുന്നത്. വെളുത്ത നിറത്തിലുള്ള കവറിൽ പൊതിഞ്ഞ് കറുത്ത നിറത്തിലുള്ള ടേപ്പ് ഉപയോഗിച്ച് ചുറ്റിയാണ് ഡ്രോണിനൊപ്പം ഹെറോയിൻ കണ്ടെത്തിയത്.















