നിവിൻ പോളിയെയും ധ്യാൻ ശ്രീനിവാസനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മലയാളി ഫ്രം ഇന്ത്യ’. ഇന്ന് തിയേറ്ററുകളിലെത്താനിരിക്കെ അഡ്വാൻസ് കളക്ഷൻ റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. ഒരു കോടിയോളം രൂപയാണ് അഡ്വാൻസ് ബുക്കിംഗിലൂടെ ചിത്രം നേടിയത്. അധികം പ്രമോഷനുകളൊന്നും ഇല്ലാതെ തന്നെ നിവിന്റെ പുത്തൻ കഥാപാത്രത്തിനായി വലിയ കാത്തിരിപ്പിലാണ് പ്രേക്ഷകർ.
തമാശയല്ല, ഗൗരവം നിറഞ്ഞ വിഷയമാണ് ചിത്രം പറയുന്നതെന്ന് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടീസറിലൂടെ വ്യക്തമായിരുന്നു. വർഷങ്ങൾക്ക് ശേഷം എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിന് ശേഷം നിവിന്റെ ഒരു തിരിച്ചുവരവ് തന്നെയാണ് പ്രേക്ഷകർ കണ്ടത്. അനശ്വര രാജനാണ് മലയാളി ഫ്രം ഇന്ത്യയിലെ നായിക. ഷാരിസ് മുഹമ്മദ് തിരക്കഥ ഒരുക്കുന്ന ചിത്രം ലിസ്റ്റിൻ സ്റ്റീഫനാണ് നിർമിക്കുന്നത്.
അജു വർഗീസ്, മഞ്ജു പിള്ള, സലീം കുമാർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. വളരെ വ്യത്യസ്തമായ വേഷത്തിലാണ് സിനിമയിൽ നിവിൻ പോളി എത്തുക. ഫാമിലി എന്റർടെയ്നറായി എത്തുന്ന ചിത്രം വൻ ബജറ്റിലാണ് ഒരുങ്ങിയിരിക്കുന്നത്.