പാചക എണ്ണകൾ ഇല്ലാത്ത അടുക്കളപ്പുറങ്ങളുണ്ടായിരിക്കില്ല. എന്തെല്ലാം കാര്യങ്ങൾക്കാണല്ലേ എണ്ണകൾ ആവശ്യമായി വരാറുള്ളത്? വറുത്തും പൊരിച്ചതുമായ വിഭവങ്ങൾ ഉണ്ടാക്കുന്നതിനും കറികളിൽ ഒഴിക്കുന്നതിനും അങ്ങനെ എണ്ണ വേണ്ടാത്ത വിഭവങ്ങൾ ചുരുക്കമായിരിക്കും. പാചകത്തിനായി ധാരാളം എണ്ണകൾ ഇന്ന് വിപണിയിൽ സുലഭമാണ്. വെളിച്ചെണ്ണയും, കടുകെണ്ണയും, വെജ് ഓയിലും, പാം ഓയിലും, സൺ ഫ്ളവർ ഓയിലുമെല്ലാം ഇവയിൽ ചിലത് മാത്രം. വില കുറഞ്ഞതും കൂടിയതുമായി നിരവധി എണ്ണകളുണ്ട്. എന്നാൽ ഇവയിൽ ഏത് എണ്ണകളാണ് മികച്ചത്? അറിയാം..
ശുദ്ധമായ ഒലിവ് ഓയിൽ

ആന്റിഓക്‌സിഡന്റ്, പോളിഫിനോളുകൾ, വിറ്റാമിൻ സി, തുടങ്ങിയവയുടെ കലവറയാണ് ഒലിവ് ഓയിൽ. പാചകം ചെയ്യുമ്പോൾ ഒലിവ് ഓയിൽ ചേർക്കാൻ സാധിക്കുന്ന കറികളിൽ ഇത് ചേർത്ത് കഴിക്കുന്നത് നല്ലതാണ്. ശരീരത്തിന് ബലമേകി ദഹനപ്രശ്‌നങ്ങൾ കുറയ്‌ക്കുന്നതിനും സമ്മർദ്ദം കുറയ്‌ക്കുന്നതിനും ഈ എണ്ണ സഹായിക്കുന്നു. സാൽമൺ മത്സ്യത്തെ പാചകം ചെയ്യുമ്പോഴും സലാഡുകൾ ഉണ്ടാക്കുമ്പോഴും പലരും ഈ എണ്ണ മാത്രമാണ് ഉപയോഗിക്കാറുള്ളത്.
കടുകെണ്ണ

ആന്റിബാക്ടീരിയൽ, ആന്റി ഫംഗൽ ഗുണങ്ങളുള്ള എണ്ണയാണ് കടുകെണ്ണ. ഇത് കറികൾ ഉണ്ടാക്കാൻ ഉത്തമമാണ്. ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കി നല്ല കൊളസ്‌ട്രോൾ പ്രദാനം ചെയ്യാൻ കടുകെണ്ണ സഹായിക്കുന്നു.
നെയ്യ്

ശുദ്ധമായ നാടൻ നെയ്യ് കഴിക്കുന്നത് നല്ലതാണെന്ന് പലപ്പോഴും പഴമക്കാർ പറയുന്നത് നാം കേട്ടിരിക്കും. ചുടു ചോറിലോ കഞ്ഞിയിലോ അൽപം നെയ്യൊഴിച്ച് കഴിക്കുന്നത് ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ശരീരത്തിനാവശ്യമായ ധാരാളം പോഷക ഘടകങ്ങളാണ് നെയ്യിൽ അടങ്ങിയിരിക്കുന്നത്.















