ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഭാര്യ സുനിതയും ചേർന്ന് നടത്തുന്ന ആരോപണങ്ങൾക്കെതിരെ തുറന്നടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജയിലിൽ വച്ച് കെജ്രിവാളിനെ കൊല്ലാൻ കേന്ദ്രസർക്കാർ ഗൂഢാലോചന നടത്തുന്നുണ്ടെന്ന ആരോപണത്തിനെതിരെയാണ് അമിത് ഷായുടെ മറുപടി. കെജ്രിവാൾ തടവിൽ കഴിയുന്ന തിഹാർ ജയിൽ ഡൽഹി സർക്കാരിന് കീഴിലാണ് വരുന്നതെന്നും അവിടുത്തെ മുഖ്യമന്ത്രിയാണ് കെജ്രിവാളെന്നും അമിത് ഷാ ഓർമിപ്പിച്ചു. ന്യൂസ്18 ഗ്രൂപ്പ് എഡിറ്റർ-ഇൻ-ചീഫ് രാഹുൽ ജോഷിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
“ദേ നോക്കൂ, ഡൽഹി സർക്കാരിന് കീഴിലാണ് തിഹാർ ജയിൽ. ഡൽഹിയുടെ മുഖ്യമന്ത്രിയാണ് കെജ്രിവാൾ. അപ്പോൾ കെജ്രിവാളിന്റെ കൊലപാതകം കെജ്രിവാൾ തന്നെ ഗൂഢാലോചന നടത്തിയെന്നാണോ പറഞ്ഞുവരുന്നത്? ജയിൽ അധികൃതർ റിപ്പോർട്ട് ചെയ്യുന്നത് ഡൽഹി സർക്കാരിനാണ്. ഇതിൽ കേന്ദ്രസർക്കാരിന് യാതൊരു ഇടപെടലുമില്ല. കെജ്രിവാളിന്റെ അറസ്റ്റ് നടന്ന സമയത്തെക്കുറിച്ച് സുപ്രീംകോടതി ഉന്നയിച്ച ചോദ്യങ്ങൾക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തന്നെ ഉത്തരം നൽകുന്നതാണ്. ഇഡി അയച്ച ആദ്യ നോട്ടീസ് പ്രകാരം കെജ്രിവാൾ ഹാജരായിരുന്നെങ്കിൽ തെരെഞ്ഞെടുപ്പിന് ആറ് മാസം മുൻപേ ഡൽഹി മുഖ്യമന്ത്രി അറസ്റ്റിലാകുമായിരുന്നു. സമൻസുകൾ നിരസിച്ച് ഹാജാരാകാതെ വൈകിപ്പിച്ച് ഇലക്ഷൻ സമയം വരെയെത്തിച്ചത് കെജ്രിവാൾ തന്നെയാണെന്നും അമിത് ഷാ പറഞ്ഞു.
ഡൽഹി മദ്യനയ കുംഭകോണവുമായി ബന്ധപ്പെട്ടായിരുന്നു ആംആദ്മി നേതാവ് കെജ്രിവാൾ അറസ്റ്റിലായത്. തുടർന്ന് ജാമ്യം നിരസിക്കപ്പെട്ടതോടെ തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ് കെജ്രിവാൾ. മാർച്ച് 21നായിരുന്നു കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രിയെ ഇഡി അറസ്റ്റ് ചെയ്തത്. മദ്യനയ രൂപീകരണവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയെന്നും കൈക്കൂലിയായി ലഭിച്ച കോടിക്കണക്കിന് രൂപ ഗോവയിലെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിനായി ആംആദ്മി ചെലവഴിച്ചെന്നുമാണ് ഇഡിയുടെ കണ്ടെത്തൽ.