ഉണ്ണി മുകുന്ദൻ നായകവേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് മാർകോ. വളരെ വ്യത്യസ്ത കഥാപാത്രമായാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിലെത്തുന്നത്. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രം ഹനീഫ് അദേനിയാണ് സംവിധാനം ചെയ്യുന്നത്. സിനിമയുടെ ചിത്രീകരണം തുടങ്ങിയതിന്റെ സന്തോഷത്തിലാണ് താരങ്ങൾ. മൂന്നാറിലായിരുന്നു സിനിമയുടെ പൂജ നടന്നത്.
ഹനീഫ് അദേനി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മലയാളത്തിൽ നിന്നുള്ള ഏറ്റവും മികച്ച ആക്ഷൻ ത്രില്ലർ സിനിമകളിലൊന്നാകും മാർകോ എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഹനീഫ് അദേനി സംവിധാനം ചെയ്ത മിഖായേൽ എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച മാർകോ ജൂനിയർ എന്ന കഥാപാത്രത്തിന്റെ നായകവേഷമാകും ഈ ചിത്രത്തിൽ കാണുക.
ഷരീഫ് മുഹമ്മദും അബ്ദുൾ ഗദാഫും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ക്യൂബ്‌സ് എന്റർടെയ്ൻമെന്റ്സും ഉണ്ണി മുകുന്ദൻ ഫിലിംസും ചേർന്നാണ് മാർക്കോ തിയേറ്ററിലെത്തിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക.
ജയ്ഗണേഷാണ് ഉണ്ണി മുകുന്ദന്റേതായി ഒടുവിലിറങ്ങിയ ചിത്രം. ബോക്സോഫീസിൽ മികച്ച കളക്ഷൻ നേടാൻ ജയ്ഗണേഷിന് സാധിച്ചു. കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ശ്രദ്ധ ആകർഷിച്ച ചിത്രത്തിന് വലിയ ജനപ്രീതിയാണ് ലഭിച്ചത്. മഹിമാ നമ്പ്യാരായിരുന്നു ചിത്രത്തിലെ നായിക. ഉണ്ണി മുകുന്ദന്റെ മികച്ച പ്രകടനമായിരുന്നു പ്രേക്ഷകർ ജയ്ഗണേഷിലൂടെ കണ്ടത്.















