കാലാവസ്ഥാ വ്യതിയാനങ്ങൾ മനുഷ്യന്റെ ജീവൻ എടുക്കുന്ന സംഭവങ്ങളാണ് ഇടയ്‌ക്കിടെ നാം കാണുന്നത്. ഇപ്പോൾ മനുഷ്യന്റെ ജീവന് ഭീഷണിയായി എത്തിയിരിക്കുന്നത് കനത്ത മഴയും പൊടിക്കാറ്റുമാണ്. മുംബൈയിലുണ്ടായ പൊടിക്കാറ്റിൽ ജനജീവിതം ദുസഹമായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സുരക്ഷിതരായിരിക്കാൻ സ്വീകരിക്കാവുന്ന മുൻകരുതലുകൾ എന്തെല്ലാമെന്ന് നോക്കാം..
വാതിലുകളും ജനലുകളും അടച്ചിട്ടിരിക്കുക

പൊടിക്കാറ്റുള്ള സമയങ്ങളിൽ പരമാവധി വീടിന് പുറത്ത്നിന്നിറങ്ങാതിരിക്കുകയെന്നതാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങളിലൊന്ന്. ജനലുകളും വാതിലുകളും അടച്ചിട്ടിരിക്കുക. ശുദ്ധവായു അകത്തേക്ക് പ്രവേശിക്കാനുള്ള ഫിൽട്ടറിംഗ് സംവിധാനങ്ങൾ വീട്ടിൽ ക്രമീകരിക്കാം.
മാസ്‌ക് ധരിക്കുക

പുറത്ത് പോവുന്ന സമയങ്ങളിൽ മാസ്‌ക് ധരിക്കുകയെന്നതാണ് രണ്ടാമത്തെ കാര്യം. അമിതമായി പൊടി ശ്വസിക്കുന്നത് കുറയ്‌ക്കാൻ ഇത് സഹായിക്കും. പൊടിക്കാറ്റുള്ള സമയങ്ങളിൽ അമിതമായി പൊടി ഉള്ളിൽ പോകാനുള്ള സാധ്യത കൂടുതലാണ്. ഇത് ശ്വസനവ്യവസ്ഥയെ ദോഷകരമായി ബാധിക്കുകയും ശ്വാസ തടസത്തിന് കാരണമാവുകയും ചെയ്യുന്നു.
കണ്ണുകളെ സംരക്ഷിക്കുക

മാസ്‌ക് ധരിക്കുന്നത് പോലെ കണ്ണുകളെ സംരക്ഷിക്കുന്നതിനായി സൺഗ്ലാസുകൾ ഈ സമയങ്ങളിൽ ഉപയോഗിക്കാം. പൊടിക്കാറ്റ് കണ്ണുകളെ ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. ഇത് കണ്ണ് ചൊറിച്ചിലിനും, അണുബാധയ്‌ക്കും കാരണമാകും. അതിനാൽ കണ്ണുകളെ സംരക്ഷിക്കാനുള്ള വഴികൾ ഈ സമയങ്ങളിൽ കരുതിയിരിക്കണം.
പുറത്തുള്ള വ്യായാമങ്ങൾ ഒഴിവാക്കുക

പൊടിക്കാറ്റുള്ള സമയങ്ങളിൽ പുറത്തുള്ള വ്യായാമങ്ങൾ ഒഴിവാക്കാൻ ശ്രമിക്കേണ്ടതാണ്. ഈ സമയങ്ങളിൽ പുറത്ത് വച്ച് വ്യായാമത്തിലേർപ്പെടുമ്പോൾ കൃത്യമായി ശ്വസിക്കാനുള്ള ബുദ്ധിമുട്ട് അനുഭവപ്പെടുകയും ഇത് ജീവനെ അപകടത്തിലാക്കുകയും ചെയ്യുന്നു.















