ശ്രീനഗർ: ജമ്മുകശ്മീരിലേക്കെത്തുന്ന വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട ഭീകരാക്രമണമാണ് കഴിഞ്ഞദിവസം നടന്നതെന്ന് ബിജെപി നേതാവ് കവിന്ദർ ഗുപ്ത. കശ്മീരികളുടെ വരുമാന മാർഗമായ വിനോദസഞ്ചാര മേഖലയെ തകർക്കുകയാണ് ആക്രമണം ഗൂഢാലോചന നടത്തിയവരുടെ ലക്ഷ്യമെന്നും കവിന്ദർ ഗുപ്ത പറഞ്ഞു. കഴിഞ്ഞ ദിവസം കശ്മീരിലെ രണ്ടിടങ്ങളിൽ നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ വർഷം ജമ്മുകശ്മീരിൽ 1,70,00,000 സഞ്ചാരികളാണ് എത്തിയത്. കശ്മീരിലെ എല്ലാ മേഖലകളിലും അഭിവൃദ്ധിയുണ്ടായ സമയത്താണ് ഇത്തരത്തിലൊരു ആക്രമണം. താഴ്വരയിൽ ഭീകരതയുടെ ഇരുണ്ടദിനങ്ങൾ തിരികെ കൊണ്ടുവരാൻ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഇതിന് പിന്നിൽ പാകിസ്താനാണെന്ന് ശക്തമായി സംശയിക്കുന്നു. കശ്മീരിന് തകർക്കാനുള്ള ശ്രമം ഇവിടെ വിജയിക്കില്ല. തീവ്രവാദികൾക്ക് മുമ്പത്തെ പോലെ പ്രാദേശിക സഹായം ലഭിക്കുന്നില്ലെന്ന കാര്യം ഓർക്കേണ്ടതാണെന്നും കവിന്ദർ ഗുപ്ത പറഞ്ഞു.
കഴിഞ്ഞ ദിവസം മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ജമ്മുകശ്മീരിലെ രണ്ടിടങ്ങളിൽ ഭീകരാക്രമണം നടന്നത്. ഷോപിയാൻ, അനന്തനാഗ് എന്നീ എന്നീ ജില്ലകളിലായിരുന്നു ആക്രമണങ്ങൾ. ഷോപ്പിയാനിൽ നടന്ന ആക്രമണത്തിൽ ബിജെപി നേതാവും മുൻ സർപഞ്ചുമായ ഐജാസ് അഹമ്മദ് കൊല്ലപ്പെട്ടിരുന്നു.
അനന്തനാഗ് ജില്ലയിലെ യന്നാർ എന്ന മേഖലയിലായിരുന്നു മറ്റൊരു ആക്രമണം. വിനോദസഞ്ചാരികൾ താമസിക്കുന്ന ക്യാമ്പിന് നേർക്കായിരുന്നു വെടിവെയ്പ്പ് ഉണ്ടായത്. രാജസ്ഥാനിലെ ജയ്പൂരിൽ നിന്നുള്ള ദമ്പതികൾക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.















