നിലത്ത് പടർന്നുവളരുന്ന സസ്യമാണ് കച്ചൂരി അഥവ കച്ചോലം. ഉയിർത്തെഴുന്നേൽപ്പിന്റെ സസ്യമായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. വേനലിൽ ഇലകൾ നശിക്കുകയും മഴ പെയ്യുമ്പോൾ പൂക്കളും ഇലകളുമായി ഉയിർത്തെഴുക്കുന്ന സസ്യമാണ് കച്ചോലം. സുഗന്ധവ്യഞ്ജന വിളകളുടെ കൂട്ടത്തിലുള്ള കച്ചോലത്തിന് എണ്ണിയാലൊടുങ്ങാത്ത ഗുണങ്ങളാണുള്ളത്.
ഇരുണ്ട പച്ചനിറമുള്ള ഇലകളും വെളുത്ത പൂക്കളുമാണ് കച്ചോലത്തിനുള്ളത്. മണമുള്ള ഇഞ്ചി, മണൽ ഇഞ്ചി എന്നും ഇതിനെ വിളിക്കാറുണ്ട്. വ്യവസായിക ആവശ്യത്തിനായി തെക്ക് കിഴക്കൻ ഏഷ്യയിൽ കൃഷി ചെയ്യുന്നുണ്ട്. വളക്കൂറും നനവുമുള്ള പ്രദേശത്താണ് കച്ചോലം വളരുന്നത്. മൂപ്പെത്തിയ ചെടിയിലെ കിഴങ്ങുകൾ ശേഖരിച്ചു ഉണക്കി സൂക്ഷിക്കുകയും ചെയ്യാം. നിരവധി ആരോഗ്യ ഗുണങ്ങളാണ് കച്ചേയാലത്തിനുള്ളത്. അവയിൽ ചിലത് ഇതാ…
കച്ചോലം ചതച്ച് പല്ലിൽ വച്ചാൽ പല്ലുവേദന മാറും. കച്ചോലത്തിൽ നിന്നുണ്ടാക്കുന്ന തൈലം ദഹനമില്ലായ്മ, പനി, വയറുവേദന, എന്നിവയ്ക്ക് പ്രതിവിധിയായി ഉപയോഗിക്കുന്നു. കച്ചോല കിഴങ്ങ് ഉണക്കി പൊടിച്ച് തേനിൽ ചേർത്ത് കഴിച്ചാൽ ചുമ ശമിക്കും. രക്തം ശുദ്ധീകരിക്കുന്നതിനും അസ്ഥിസ്രാവത്തിനും കച്ചോലത്തിന്റെ പച്ചക്കിഴങ്ങ് അരച്ച് കഴിക്കുന്നത് ഉത്തമമാണ്. കച്ചോലപ്പൊടി തുളസിനീരിലോ നാരങ്ങാ നീരിലോ അരച്ച് നെറ്റിയിൽ പുരട്ടിയാൽ തലവേദന, ജലദോഷം എന്നിവ മാറും. കച്ചോല കിഴങ്ങ് ശീലമാക്കിയാൽ ചർമം മൃദുലമാകും.