ന്യൂഡൽഹി: ഡൽഹി സർവകലാശാല മതിലുകളിൽ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങൾ. തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും നക്സലിസത്തെ പുകഴ്ത്തിക്കൊണ്ടുമുള്ള മുദ്രാവാക്യങ്ങളാണ് ചുമരുകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഡൽഹിയിൽ നാളെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് സംഭവം. ഡൽഹി പൊലീസ് സംഭവവുമായി ബന്ധപ്പെട്ട് രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു.
പുലർച്ചെ പട്രോളിംഗിനിടെയാണ് പ്രദേശത്തെ ചുമരുകളിൽ മുദ്രാവാക്യങ്ങൾ ശ്രദ്ധയിൽപെട്ടതെന്ന് പൊലീസ് പറഞ്ഞു. ‘തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുക,’ ‘പുതിയ ജനാധിപത്യത്തിൽ ചേരുക,’നക്സൽബാരി നീണാൾ വാഴട്ടെ’ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് സർവകലാശാല മതിലുകളിലും പൊലീസ് ബാരിക്കേഡുകളിലുമായി കണ്ടെത്തിയത്. വസ്തുവകകൾ നശിപ്പിക്കൽ തടയൽ നിയമപ്രകാരമാണ് പൊലീസ് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ ഡൽഹി പൊലീസ് അന്വേഷണം ആരംഭിച്ചു.