ഹൊ, ഈ മഴയൊന്ന് പോയി കിട്ടിയാൽ മതിയാരുന്നുവെന്ന് ആലോചിക്കാത്തവർ ഇന്നുണ്ടാവില്ല. ഇത്രയും നാൾ ചൂട് കൊണ്ട് വലഞ്ഞിരുന്ന നമ്മെ മഴക്കെടുതികളും ഇപ്പോൾ ബുദ്ധിമുട്ടിലാക്കുകയാണ്. മഴയോടൊപ്പം മഴക്കാല രോഗങ്ങളും വളരെ പെട്ടന്നാണ് പിടിപ്പെടുന്നത്. ഈ സന്ദർഭങ്ങളിൽ ആരോഗ്യ സംരക്ഷണം ഉറപ്പു വരുത്തേണ്ടത് അനിവാര്യമാണ്. അതിനായി ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തിക്കോളൂ..
ഇഞ്ചി

പഴമക്കാരുടെ ലിസ്റ്റിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് ഇഞ്ചി. പനിയായാലും ജലദോഷമായാലും വേഗം ഒരു കഷ്ണം ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളമായിരിക്കും പൊതുവെ മുത്തശ്ശിമാർ കുടിക്കാൻ തന്നിരുന്നത്. ദഹനത്തെ മെച്ചപ്പെടുത്താൻ അത്യുത്തമമാണ് ഇഞ്ചി. ഇതിനുമുറമെ വയറ്റിലുണ്ടാകുന്ന അസ്വസ്ഥതകൾ നീക്കി പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഇഞ്ചി സഹായിക്കുന്നു.
കുരുമുളക്

സുഗന്ധവ്യഞ്ജനങ്ങളിൽ പ്രധാനിയായ കുരുമുളക് മഴക്കാല രോഗങ്ങളെ തടയാൻ മികച്ചതാണ്. ശരീരത്തിന് ചൂടേകാനും ഇത് സഹായിക്കുന്നു. അതിനാൽ കറികളിൽ അൽപം കുരുമുളകോ കുരുമുളക് പൊടിയോ ചേർത്ത് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.
മഞ്ഞൾ

അണുബാധ തടയുന്നതിന് ഉത്തമമാണ് മഞ്ഞൾ. ചൂടുള്ള പാലിൽ അൽപം മഞ്ഞൾപൊടിയിട്ട് കുടിക്കുന്നത് ശരീരത്തെ ബലമുള്ളതാക്കാനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. മഞ്ഞളിൽ ധാരാളം ആന്റി ഓക്സിഡന്റ് ഘടകങ്ങളും ധാരാളം ആന്റി ഇൻഫ്ളമേറ്ററി ഘടകങ്ങളുമുണ്ട്. അതിനാൽ ഇത് അണുബാധ തടഞ്ഞു നിർത്തി മഴക്കാല രോഗങ്ങളെ ചെറുത്തു നിർത്തുന്നു.
ഉലുവ

അൽപം കയ്പുണ്ടെങ്കിലും ഈ കുഞ്ഞൻ ആള് നിസാരക്കാരനല്ല. ഉലുവ ഇട്ടുവച്ച വെള്ളം കുടുക്കുന്നത് മഴക്കാല രോഗങ്ങളെ ചെറുത്ത് നിർത്തി രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു. ശരീരത്തിനാവശ്യമായ ധാരാളം പോഷക ഘടകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. പ്രമേഹം നിയന്ത്രിക്കുന്നതിനും ഉലുവ സഹായിക്കുന്നു.















