ന്യൂഡൽഹി: എക്കാലത്തെയും താഴ്ന്ന നിലയിൽ ഇന്ത്യയുടെ ധനക്കമ്മി. കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഈ സാമ്പത്തിക വർഷത്തിൽ 5.6 ശതമാനം ധനക്കമ്മിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 5.8 ശതമാനമായിരുന്നു കേന്ദ്രത്തിന്റെ കണക്കുകൂട്ടൽ.
2023-24 സാമ്പത്തിക വർഷത്തിലെ ജിഡിപിയുടെ 5.63 ശതമാനത്തോളമാണ് ധനക്കമ്മി. അതായത്, വരവും ചെലവും തമ്മിൽ 16.53 ലക്ഷം കോടി രൂപയുടെ അന്തരം മാത്രമാണുള്ളത്. 2023-14-ൽ ധനക്കമ്മി 17.34 ലക്ഷം കോടി രൂപയായിരിക്കുമെന്നാണ് ഫെബ്രുവരി ഒന്നിന് പാർലമെന്റിൽ ധനമന്ത്രി നിർമലാ സീതാരാമൻ ഇടക്കാല ബജറ്റിൽ പ്രഖ്യാപിച്ചത്. അതായത്, ജിഡിപിയുടെ 5.8 ശതമാനം.
റവന്യു സമാഹരണത്തിലും കേന്ദ്രത്തിന് ലക്ഷ്യം കൈവരിക്കാൻ സാധിച്ചെന്ന് റിപ്പോർട്ടിൽ പറയുന്നു. ഈ സാമ്പത്തിക വർഷത്തിൽ മൊത്തം നികുതി പിരിവ് 23.26 ലക്ഷം കോടി രൂപയായപ്പോൾ ചെലവ് 44.42 ലക്ഷം കോടി രൂപയായി.
നാലാം പാദത്തിൽ 7.8 ശതമാനത്തിന്റെ വളർച്ചയാണ് ഇന്ത്യ കൈവരിച്ചിരിക്കുന്നത്. ഇതോടെ വാർഷിക വളർച്ചാ നിരക്ക് 8.2 ശതമാനത്തിലെത്തുമെന്നാണ് വിലയിരുത്തൽ.















